കൊച്ചി: തൃശൂരിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് പരോൾ അനുവദിച്ച് ഹൈക്കോടതി. 15 ദിവസത്തേക്കാണ് ഡിവിഷൻ ബെഞ്ച് നിഷാമിന് പരോൾ അനുവദിച്ചത്.
നിഷാമിന്റെ ഭാര്യ നൽകിയ അപേക്ഷയിലാണ് ഹൈക്കോടതി പരോൾ നൽകിയത്. മാതാവിന്റെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് നിഷാമിന് 30 ദിവസത്തെ പരോൾ അനുവദിക്കണമെന്നാണ് ഭാര്യ നൽകിയ അപേക്ഷയിൽ പറഞ്ഞിരുന്നത്.
എന്നാൽ, അപേക്ഷ ആദ്യം പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് പരോൾ നിഷേധിക്കുകയായിരുന്നു. പോലീസ് റിപ്പോർട്ട് എതിരായതിനാലാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് പരോൾ നിഷേധിച്ചത്. ഇതോടെ പരോളിനായി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിക്കുകയായിരുന്നു ഈ അപ്പീലാണ് ഡിവിഷൻ ബെഞ്ച് അംഗീകരിച്ചത്.
സംസ്ഥാന സർക്കാരിനോട് വ്യവസ്ഥകൾ നിശ്ചയിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സർക്കാർ വ്യവസ്ഥ നിശ്ചയിക്കുന്നത് മുതൽ 15 ദിവസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. നിലവിൽ മുഹമ്മദ് നിഷാം വിയ്യൂരിൽ ജയിൽ ശിക്ഷ അനുഭവിച്ചുവരികയാണ്.
പരോൾ അനുവദിച്ചുള്ള ഹൈക്കോടതി ഉത്തരവ് ജയിൽ അധികൃതർ ഉടൻ സർക്കാരിന് കൈമാറും. മുഹമ്മദ് നിഷാം ഇതിനു മുമ്പും പരോൾ നേടി വിവിധസമയങ്ങളിൽ ജയിലിൽനിന്ന് പുറത്തിറങ്ങിയിരുന്നു. 2015 ലാണ് നിഷാം തൃശ്ശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനകാരനായ ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയത്.
നിലവിൽ ജീവപര്യന്തം തടവിൽ കഴിയുകയാണ് നിഷാം. 2015 ജനുവരി 29 പുലർച്ചെ മൂന്ന് മണിയോടെ നിഷാം എത്തിയപ്പോൾ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐ.ഡി. കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് നിഷാം, ചന്ദ്രബോസിനെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.
ഭയന്നോടിയ ചന്ദ്രബോസിനെ പിന്നീട് വാഹനത്തിൽ പിന്തുടർന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നു. വീണുകിടന്ന ഇയാളെ പിന്നീട് എഴുന്നേൽപിച്ച് വാഹനത്തിൽ കയറ്റി പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചെന്നാണ് കേസ്.
സെക്യൂരിറ്റി റൂമും ഫർണിച്ചറുകളും, ജനലുകളും അടിച്ച് തകർത്ത മുഹമ്മദ് നിഷാം ആക്രമണം തടയാനെത്തിയ സെക്യൂരിറ്റി സൂപ്പർവൈസർ അയ്യന്തോൾ കല്ലിങ്ങൽ വീട്ടിൽ അനൂപിനെയും (31) മർദിക്കുകയായിരുന്നു.
മറ്റ് ജീവനക്കാർ അറിയിച്ചതിനെത്തുടർന്ന് ഫ്ളയിങ് സ്ക്വാഡ് എത്തിയാണ് സെക്യൂരിറ്റിയായ ചന്ദ്രബോസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആക്രമണത്തിൽ ഇയാളുടെ നട്ടെല്ലും വാരിയെല്ലുകൾ തകർന്നിരുന്നു. ശ്വാസകോശത്തിന് സാരമായ പരിക്കേറ്റതിനാൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും 2015 ഫെബ്രുവരി 16ന് ഉച്ചയ്ക്ക് തൃശ്ശൂർ അമല ആശുപത്രിയിൽ വെച്ച് ചന്ദ്രബോസ് മരണത്തിന് കീഴടങ്ങി.
ചന്ദ്രബോസ് കൊലക്കേസിൽ ജീവപര്യന്തം തടവിനാണ് വിചാരണ കോടതി നിഷാമിനെ ശിക്ഷിച്ചത്. ഇതിനുപുറമേ വിവിധ വകുപ്പുകളിലായി 24 വർഷം തടവും 80.30 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
chandrabos-murder-muhammed-nisham-parole-granted