ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാൽ മറയൂർ മേഖലയിൽ വീണ്ടും കാട്ടാന ആക്രമണം. ചക്കക്കൊമ്പൻ്റെ ആക്രമണത്തിൽ ചിന്നക്കനാൽ 301 കോളനിയിലെ രണ്ട് വീടുകൾ തകർന്നു. കല്ലുപറമ്പിൽ സാവിത്രി കുമാരൻ, ലക്ഷ്മി നാരായണൻ എന്നിവരുടെ വീടുകളാണ് ചക്കക്കൊമ്പന്റെ ആക്രമണത്തിൽ പൂർണമായും തകർന്നത്.
ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. സാവിത്രി കുമാരന്റെ വീടിന്റെ അടുക്കളയുടെ ഭാഗവുമാണ് കാട്ടാന തകർത്തത്. ലക്ഷ്മി നാരായണന്റെ വീടിന്റെ മുൻവശവും പൂർണമായും തകർത്തു.
എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വീടുകളിലുണ്ടായിരുന്നവർ ആശുപത്രിയിലായിരുന്നു. വലിയ അപകടമാണ് ഒഴിവായത്. പ്രദേശത്ത് വ്യാപക കൃഷി നാശവും റിപ്പോർട്ട് ഉണ്ടായിട്ടുണ്ട്.
ഇടുക്കി മറയൂർ-ചിന്നാർ റോഡിൽ കെഎസ്ആർടിസി ബസിൻ്റെ മുന്നിലും യാത്ര തടഞ്ഞുകൊണ്ട് കാട്ടാന എത്തി. വിരിഞ്ഞ കൊമ്പൻ എന്ന കാട്ടാനയാണ് കെഎസ്ആർടിസി ബസിന് മുന്നിലെത്തിയത്.
കുറച്ചു നാൾ മുമ്പാണ് ഈ കാട്ടാന നാട്ടിലിറങ്ങിയത്. തിരുവനന്തപുരം- പഴനി സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന് മുൻപിലാണ് ആനയെ കണ്ടത്. എന്നാൽ വലിയ അക്രമണങ്ങൾ ഒന്നും നടത്താതെ കുറച്ചുസമയത്തിന് ശേഷം സമീപത്തെ വനത്തിലേക്ക് പോയി.