രാജ്യത്ത് ടിക് ടോക് നിരോധനം നീക്കിയോ? കേന്ദ്രത്തിന്റെ മറുപടി ഇങ്ങനെ
ന്യൂഡല്‍ഹി: നിരോധിത ചൈനീസ് ആപ്പായ ടിക് ടോക് ഇന്ത്യയിൽ തിരിച്ചുവരുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്ര സർക്കാർ. ടിക് ടോക്, ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ എയര്‍എക്‌സ്പ്രസ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഷെയ്ന്‍ എന്നിവയുടെ നിരോധനം നീക്കിയെന്ന വാർത്തയാണ് കേന്ദ്രം നിഷേധിച്ചത്.
‘ടിക് ടോകിന്റെ നിരോധനം റദ്ദാക്കുന്ന ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ല. ഇത്തരം വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്’, കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് ചിലര്‍ക്ക് ടിക് ടോക് ലഭിച്ചുതുടങ്ങിയെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചാരമുണ്ടായിരുന്നു. എന്നാല്‍ അതും തെറ്റാണെന്നാണ് റിപ്പോർട്ട്.
ടിക് ടോക് ആക്‌സസ് ചെയ്യാന്‍ സാധിച്ചവര്‍ക്ക് ലോഗിന്‍ ചെയ്യുന്നതിനോ വീഡിയോകള്‍ കാണാനോ, അപ്ലോഡ് ചെയ്യാനോ സാധിച്ചിട്ടില്ല. ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കള്‍ ടിക് ടോക് ബ്ലോക്ക് ചെയ്തിട്ട് തന്നെയാണുള്ളതെന്നും എന്നാല്‍ ചിലര്‍ക്ക് ലഭിച്ചത് എങ്ങനെയാണെന്ന് വ്യക്തമല്ലെന്നും ടെലികോം വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ടിക് ടോക് തിരിച്ചുവരുന്നുവെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചത്. ചില ഉപയോക്താക്കള്‍ക്ക് വെബ്‌സൈറ്റ് ലഭ്യമായിത്തുടങ്ങിയെന്ന റിപ്പോര്‍ട്ടായിരുന്നു പുറത്ത് വന്നത്.
അഞ്ച് വര്‍ഷം മുമ്പാണ് ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചത്. 2020ല്‍ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ ടിക് ടോക്കിനു നിരോധനം ഏർപ്പെടുത്തിയത്.
Summary: The central government has denied reports that banned Chinese apps, including TikTok, AirExpress, and Shein, are returning to India. The government clarified that the ban on these platforms has not been lifted.