ന്യൂഡൽഹി: വരുന്ന അധ്യയന വർഷത്തേക്ക് 3, 6 ക്ലാസുകൾ ഒഴികെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമില്ലെന്ന് ആവർത്തിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ(സിബിഎസ്ഇ). ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച് ബോർഡ് അറിയിപ്പ് പുറത്തിറക്കിയത്.CBSE; New textbook in 3rd and 6th no change in other classes
3,6 ക്ലാസുകളിലെ പുതിയ സിലബസും പാഠപുസ്തകങ്ങളും തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് മാർച്ച് 18ന് എൻസിഇആർടി സിബിഎസിക്ക് കത്തിലൂടെ അറിയിച്ചിരുന്നു. പുതിയ പാഠ്യ പദ്ധതിയിലേക്ക് മാറുന്നതിന്റെ ഭാഗമായി ആറാം ക്ലാസിലെ വിദ്യാർഥികൾക്ക് ബ്രിഡ്ജ് കോഴ്‌സുകളും മൂന്നാം ക്ലാസിലെ വിദ്യാർഥികൾക്ക് മാർഗ രേഖയും തയ്യാറാക്കുന്നുണ്ട്.
9 മുതൽ 12 വരെ ക്ലാസുകൾക്കുള്ള വാർഷിക പാഠ്യപദ്ധതി, അക്കാദമിക് ഉള്ളടക്കം, പരീക്ഷകൾ, മൂല്യ നിർണയ മാർഗ നിർദേശങ്ങൾ എന്നിവയും ഇത്തവണ നൽകുമെന്നും ബോർഡ് വ്യക്തമാക്കി. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ അടിസ്ഥാനത്തിലാണ് എല്ലാ മാർഗ നിർദേശങ്ങളും നൽകുക. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലേക്ക് 2024-25 വർഷത്തിലേക്കുള്ള പാഠ്യപദ്ധതി ‘www.cbseacademic.nic.in’ എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും.