കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ മുഴുവന്‍ ആളുകളോടും ഹാജരാകണമെന്ന് സി.ബി.ഐ.. മുന്‍ ഡീന്‍ ഡോ. എം.കെ. നാരായണനുള്‍പ്പെടെയുള്ളവര്‍ ശനിയാഴ്ച ഹാജരാവണം.
സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയപരിശോധനകള്‍ക്കായി ഫൊറന്‍സിക് സംഘം ശനിയാഴ്ച വയനാട്ടിലെത്തും. ഡല്‍ഹിയില്‍നിന്ന് എസ്.പി. സുന്ദര്‍വേലിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പൂക്കോട് വെറ്ററിനറി കോളേജിലെത്തുക.
ഒരാഴ്ചയായി സി.ബി.ഐ. സംഘം വയനാട്ടില്‍ ക്യാമ്പുചെയ്ത് അന്വേഷണം തുടരുകയാണ്. കേസ് വയനാട്ടില്‍നിന്ന് കൊച്ചി സി.ബി.ഐ. കോടതിയിലേക്ക് മാറ്റാന്‍ ശനിയാഴ്ച സി.ബി.ഐ.യുടെ സ്റ്റാന്‍ഡിങ് കൗണ്‍സല്‍ കല്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷനല്‍കി. കേസ് കൊച്ചിയിലേക്ക് മാറ്റിയശേഷമായിരിക്കും റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍വാങ്ങലുള്‍പ്പെടെയുള്ള നടപടികളുണ്ടാവുക. വൈകാതെ കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് ലഭിക്കുന്ന വിവരം.
20 വിദ്യാര്‍ഥികളെയാണ് പോലീസ് അറസ്റ്റുചെയ്തത്. സി.ബി.ഐ. രജിസ്റ്റര്‍ചെയ്ത എഫ്.ഐ.ആറില്‍ അതില്‍ക്കൂടുതല്‍ പ്രതികളുണ്ട്. കഴിഞ്ഞദിവസം സിദ്ധാര്‍ഥന്റെ അച്ഛന്‍, കോളേജിലെ വിദ്യാര്‍ഥികള്‍, സിദ്ധാര്‍ഥന്റെ കുടുംബം പ്രതികളാക്കണമെന്ന് ആവശ്യപ്പെട്ടവര്‍ എന്നിവരുടെയെല്ലാം മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു.