ഇടുക്കി പഴയകൊച്ചറ സെയ്ന്റ് ജോസഫ് ദേവാലയത്തിൽ വെടിക്കെട്ടിനിടെ സ്‌കൂൾ കെട്ടിടത്തിൽ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവ് മരിച്ച സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തേക്കും. നിരോധനം ലംഘിച്ച് സ്‌ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിന് ഉൾപ്പെടെ നിലവിൽ കേസെടുത്തിട്ടുണ്ട്.
കമ്മിറ്റിയംഗങ്ങളായ നാലുപേരാണ് നിലവിൽ പ്രതികളെങ്കിലും കൂടുതൽ ആളുകളെ പ്രതി ചേർത്തേക്കും. ശനിയാഴ്ച രാത്രി 11 നാണ് തിരുന്നാളിന്റെ സമാപനത്തിനിടെ ദേവാലയത്തോട് ചേർന്ന് സ്‌കൂൾ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന പടക്ക ശേഖരത്തിന് തീപിച്ചത്. തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ ചേറ്റുകുഴി സ്വദേശി ചെറുവക്കാട് ജോബി (30) ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി മരിക്കുകയായിരുന്നു.
ദേവാലയത്തിലെ തിരുന്നാളിന്റ സമാപന ദിവസം നടന്ന വെടിക്കെട്ടിന് അഗ്നിരക്ഷാസേനയുടെ അനുമതിയുണ്ടായിരുന്നില്ല. വെടിക്കെട്ട് നടത്തരുതെന്ന് പോലീസ് പള്ളി കമ്മിറ്റിയ്ക്ക് നൽകിയ നോട്ടീസിലും പറഞ്ഞിരുന്നു. ഇത് ലംഘിച്ചാണ് വെടിക്കെട്ട് നടത്തിയത്.
Content Summary: Youth dies after being burnt during fireworks in Idukki; case of culpable homicide to be filed