കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിന്റെ നിർമ്മാതാക്കളുമായി ബന്ധപ്പെട്ട കേസില്‍ സൗബിന്‍ ഷാഹിർ, ഷോണ്‍ ആന്റണി എന്നിവരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 22 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 22ന് കേസ് വീണ്ടും പരിഗണിക്കും.
മുൻപ് നിർമാതാക്കളായ പറവ ഫിലിംസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും നിർമ്മാതാക്കൾക്കെതിരെ കേസെടുക്കാനും എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് എറണാകുളം മരട് പൊലീസ് ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെ കേസെടുത്തത്. ഈ കേസിൽ സൗബിനും ഷോണും സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നിർദേശം നൽകിയത്.
അരൂർ സ്വദേശി സിറാജാണ് നിർമ്മാതാക്കൾക്കെതിരെ ഹർജി നൽകിയത്. സിനിമക്കായി ഏഴ് കോടി മുടക്കി, എന്നാൽ ലാഭവിഹിതമോ മുടക്ക് മുതലോ നൽകാതെ കബളിപ്പിച്ചു എന്നാണ് പരാതി.
Read Also: മകനെതിരെ കള്ളക്കേസെടുത്തു; പരാതി നൽകി 18 കാരന്റെ അമ്മ; കട്ടപ്പന എസ്ഐക്കും സിപിഒയ്ക്കും സ്ഥലം മാറ്റം