ഉത്പാദനം കുത്തനെ ഇടിയുകയും കമ്പോളത്തിലെത്തുന്ന ഏലക്കായയുടെ അളവിൽ കുറവുണ്ടാകുകയും ചെയ്തതോടെ ഡിസംബർ ആദ്യ വാരം മുതൽ ഉയർന്നു തുടങ്ങിയ ഏലക്ക വില നേരിയ തോതിൽ ഇടിയാൻ തുടങ്ങി. സെപ്റ്റംബർ ആദ്യവാരം 2000-2100 രൂപ വിലയുണ്ടായിരുന്ന ശരാശരി ഗുണമേന്മയുള്ള ഏലക്കായയുടെ വില 3000 ന് മുകളിൽ എത്തിയിരുന്നു. Cardamom prices have plummeted; here’s why…
ഉഷ്ണ തരംഗത്തിൽ ഏലച്ചെടികൾ ഉണങ്ങി നശിച്ചതും തുടർന്നുണ്ടായ അതിവർഷത്തിൽ ബാക്കിയുള്ളവ അഴുകി നശിച്ചതുമാണ് ഏലക്കായയുടെ ഉത്പാദനം കുത്തനെ ഇടിയാൻ കാരണമായത്. ഇതോടെ നാലുവർഷത്തിനിടെ ആദ്യമായി ശരാശരി വില 3000 കടക്കുകയും ചെയ്തതോടെ കർഷകർ പ്രതീക്ഷയിലായിരുന്നു.
ഉയർന്ന വിലയായി 3350 രൂപ വരെ ഇ-ലേലത്തിൽ ലഭിക്കുകയും ചെയ്തു. എന്നാൽ കർഷകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ച് കഴിഞ്ഞ രണ്ടു ദിവസമായി ഏലം വില കുറയുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇ- ലേലത്തിൽ 2850 രൂപയാണ് ശരാശരി വില ലഭിച്ചത്.
അപ്രതീക്ഷിതമായി ഹൈറേഞ്ചിൽ വിവിധയിടങ്ങളിൽ മഴ ലഭിച്ചതോടെ വിളവ് അധികമായി ലഭിക്കും എന്ന പ്രതീക്ഷയാണ് വിലയിടിയാൻ കാരണം. കാലാവസ്ഥാ വ്യതിയാനത്തിൽ നശിച്ചുപോയ ഏലത്തോട്ടങ്ങളിൽ പുതിയ ചെടികൾ വെച്ചുപിടിപ്പിച്ചാൽ മാത്രമെ അധിക വിളവ് ലഭിക്കൂകയുള്ളു എന്ന് കർഷകർ പറയുന്നു.
പുതുകൃഷിക്ക് കർഷകർ ശ്രമിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും തട്ടയ്ക്ക് ( പുനർകൃഷിക്കുള്ള ഏലച്ചെടി ) വില ഉയർന്നതും തിരിച്ചടിയാകുന്നുണ്ട്. മുൻപ് 60 രൂപയുണ്ടായിരുന്ന ഏലത്തട്ടയൊന്നിന് 100 രൂപയ്ക്ക് മുകളിലാണ് ഇപ്പോൾ വില.