ഇന്ത്യയെ സൈബർ ഭീഷണി പട്ടികയിൽപെടുത്തി കാനഡ. ചൈന, റഷ്യ, ഇറാൻ, ഉത്തര കൊറിയ എന്നിവരുള്ള പട്ടികയിൽ ഇന്ത്യയെ അഞ്ചാമതായി ചേർത്താണ് 2025-2026ലെ ദേശീയ സൈബർ ഭീഷണി നിർണയ റിപ്പോർട്ട് പുറത്തുവിട്ടത്. സർക്കാർ പിന്തുണയോടെ രാജ്യത്ത് ചാരവൃത്തി നടത്തുന്നുവെന്ന് ആരോപിച്ചാണ് നടപടി. Canada lists India as a cyber threat
ചാരപ്പണി ലക്ഷ്യമിട്ട് കാനഡ സർക്കാർ ശൃംഖലകളിൽ ഇന്ത്യൻ സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്നവർ സൈബർ ഭീഷണി ഉയർത്തുകയാണെന്ന് റിപ്പോർട്ട് പറയുന്നു. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള കാനഡയുടെ തന്ത്രമാണിതെന്ന് ഇന്ത്യ പ്രതികരിച്ചു.
കാനഡയുടെ ആക്ടിങ് ഡെപ്യൂട്ടി ഹൈക്കമീഷണർ ജെഫ്രി ഡീനിനെ വിളിച്ചുവരുത്തിയ വിദേശകാര്യമന്ത്രാലയം വെള്ളിയാഴ്ച പ്രതിഷേധക്കുറിപ്പ് കൈമാറി.
നേരത്തെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചിരുന്നു. ‘അസംബന്ധവും അടിസ്ഥാനരഹിതവുമായ’ ആരോപണങ്ങൾ ഉഭയകക്ഷി ബന്ധത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകി.