തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് ഈ മാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. മൂന്ന് ദിവസമായി പാലക്കാട് 40 ഡിഗ്രിയാണ് താപനില. പുനലൂർ 38, തൃശൂർ, കണ്ണൂർ (37) ഡിഗ്രി താപനില രേഖപ്പെടുത്തി. ചൂട് ഇനിയും ഉയരാനുമിടയുണ്ട്.
ചൊവ്വാഴ്ച വരെ ഉയർന്ന താപനിലയായിരിക്കും, പാലക്കാട് ഉൾപ്പെടെ പത്ത് ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സാധാരണ വേനൽ കാലത്തെക്കാൾ രണ്ട് – മൂന്ന് ഡിഗ്രി കൂടുതലാണ് ഇത്തവണ അനുഭവപ്പെടുന്നത്. അമിതമായ ചൂടിനൊപ്പം കള്ളക്കടൽ പ്രതിഭാസവും ആവർത്തിക്കുകയാണ്. കണ്ണൂർ മാടായി ചൂട്ടാട് ബീച്ചിൽ ഇന്നലെ കടൽ 25 മീറ്ററോളം കരയിലേക്ക് കയറിയിരുന്നു. രണ്ട് ദിവസത്തേക്ക് കേരള തീരത്ത് 0.5 മുതൽ 1.5 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട് കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ അപകട മേഖലകളിലുള്ളവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
മേയ് രണ്ടാം വാരത്തോടെ വേനൽമഴ സജീവമാകുമെന്നാണ് ഇപ്പോഴത്തേ വിലയിരുത്തൽ. ഇത് ശരാശരിയേക്കാൾ കൂടുതലാവാനാണ് സാധ്യത. മഴ കൂടുതൽ തെക്കൻ ജില്ലകളിലായിരിക്കുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ തവണ വേനൽ മഴ 34 ശതമാനം കുറവായിരുന്നു. 359.1 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിടത്ത് 236.4 മില്ലി മീറ്റർ മാത്രമാണ് കിട്ടിയത്. കഴിഞ്ഞ 25 വർഷത്തിനിടെ ഏറ്റവും കുറവ് മഴ ലഭിച്ച മൂന്നാമത്തെ വേനൽകാലമായിരുന്നു കഴിഞ്ഞ വർഷത്തേത്.