തിരുവനന്തപുരം: സുപ്രീംകോടതി ഇളവ് അനുവദിച്ചിട്ടും ബഫര്‍സോണ്‍ വിഷയത്തില്‍ കര്‍ഷകരും വനംവകുപ്പും രണ്ട് തട്ടില്‍. ജനവാസ മേഖലകളെ ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് കര്‍ഷക സംഘടനയായ കിഫ ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ഇളവ് അനുവദിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
2022 ജൂണ്‍ മൂന്നിലെ സുപ്രീംകോടതി വിധിയിലാണ് വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ നിശ്ചയിച്ചത്. ഇതിനെതിരെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച് ജൂണ്‍ മൂന്നിലെ വിധിയില്‍ ഏപ്രില്‍ 26ന് സുപ്രീം കോടതി ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍ വന്യജീവി സങ്കേതങ്ങളുടേയും ദേശീയ ഉദ്യാനങ്ങളുടെയും ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ അതിര്‍ത്തിയില്‍ മാറ്റം വരുത്താന്‍ വനം വകുപ്പ് നടപടിയെടുത്തില്ലെന്നാണ് കര്‍ഷകരുടെ ആരോപണം.
ഇളവിനായി കേരളം പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിവരാകാശ മറുപടിയില്‍ പറയുന്നു. എന്നാല്‍ സുപ്രീംകോടതി ഇളവ് അനുവദിച്ച സാഹചര്യത്തില്‍ ഇനി സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. ഒരു കിലോമീറ്റര്‍ ബഫര്‍സോണില്‍ സുപ്രീം കോടതി അനുവദിച്ച ഇളവ് ലഭിക്കാന്‍ സംസ്ഥാനം പുതിയ പ്രൊപ്പോസല്‍ നല്‍കണമെന്നാണ് കിഫയുടെ വാദം. ഏപ്രില്‍ 26ലെ വിധിയുടെ പകര്‍പ്പില്‍ 58-ാം പാരഗ്രാഫില്‍ ഇളവിനായി സംസ്ഥാന സര്‍ക്കാര്‍ സെന്‍ട്രല്‍ എംപവേഡ് കമ്മിറ്റിയെ സമീപിക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ കേന്ദ്രം പുതിയ നോട്ടിഫിക്കേഷന്‍ പുറത്തിറക്കിയാല്‍ പരിശോധിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.