ന്യൂഡല്‍ഹി: കേരള ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി സുപ്രീം കോടതി. 2017 ലെ ജില്ലാ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ടാണ് വിമര്‍ശനം. ജഡ്ജി നിയമനത്തിന് സ്വീകരിച്ച നടപടിക്രമങ്ങള്‍ ചട്ടവിരുദ്ധമാണ് കോടതി വിധിച്ചു. എഴുത്ത് പരീക്ഷയ്ക്കും, അഭിമുഖത്തിനും ശേഷം നിയമന നടപടികളില്‍ മാറ്റം വരുത്തിയത് തെറ്റെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ നിയമനം ലഭിച്ച ജഡ്ജിമാരെ പിരിച്ചുവിടാന്‍ കോടതി വിസമ്മതിച്ചു. നിയമനം ലഭിക്കാത്തവര്‍ക്ക് മറ്റ് തസ്തികളിലെ ജോലി ലഭിക്കുന്നതിന് തടസ്സമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. ഹൈക്കോടതി നടപടിക്കെതിരെ നിയമനം ലഭിക്കാത്ത പതിനൊന്ന് പേരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ജില്ലാ ജഡ്ജിമാരുടെ നിയമനത്തിന് 2017-ല്‍ ആദ്യം പുറത്തിറക്കിയ ഉത്തരവ് പ്രകാരം എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ മൊത്തം മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും പട്ടിക എന്നായിരുനു വ്യക്തമാക്കിയത്. പൊതുവിഭാഗത്തിന് 50 ശതമാനവും, പട്ടിക ജാതി പട്ടിക വിഭാഗത്തിന് 40 ശതമാനമാണ് എഴുത്ത് പരീക്ഷയ്ക്ക് കട്ട് ഓഫ് നിശ്ചയിച്ചത്. അഭിമുഖത്തിന് കട്ട് ഓഫ് മാര്‍ക്ക് വച്ചിരുന്നില്ല. എന്നാല്‍ പരീക്ഷ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിമുഖത്തിന് കട്ട് ഓഫ് മാര്‍ക്ക് ഏര്‍പ്പെടുത്തി. ഈ നടപടി ചട്ടവിരുദ്ധമാണെന്ന് ഭരണഘടന ബെഞ്ച് വിധിച്ചത്.