ന്യൂഡൽഹി: താരിഫുകളെ പറ്റിയുള്ള ട്രംപിന്റെ അഭിപ്രായങ്ങൾ, ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡന്റിറ്റി കാർഡ് നമ്പറുകൾ, ത്രിഭാഷാ നയം , അതിർത്തി നിർണ്ണയം എന്നിവയുൾപ്പെടെ ‘ നിരവധി വിവാദങ്ങളുടെ നിഴലിൽ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കുന്നു.
മണിപ്പുരില്‍ രാഷ്‌ട്രപതിഭരണത്തിന് അംഗീകാരം, വഖഫ് ഭേദഗതി ബില്‍ പാസാക്കല്‍ തുടങ്ങിയവയാണ് സര്‍ക്കാരിന്റെ പ്രധാന അജന്‍ഡകള്‍.
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നതിന് പാർലമെന്റിന്റെ അംഗീകാരം തേടുന്നതിനായി സർക്കാർ ഇന്ന് പ്രമേയം കൊണ്ടുവരുമെന്നാണ് വിവരം.
വടക്കുകിഴക്കൻ സംസ്ഥാനത്ത് രണ്ട് വർഷമായി തുടരുന്ന വംശീയ സംഘർഷം ഉന്നയിക്കാൻ പ്രതിപക്ഷം തയ്യാറെടുത്ത് കഴിഞ്ഞു. സംസ്ഥാന ബജറ്റും ഇന്ന് ചർച്ചയ്ക്ക് വരും. ഇന്ന് അവതരിപ്പിക്കുന്ന മണിപ്പൂർ ബജറ്റിനെ തുടർന്ന് രാഷ്ട്രപതി ഭരണത്തിന് അനുമതി തേടുമെന്നാണ് റിപ്പോർട്ട്.
പ്രതിസന്ധിയിലായ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് രാജിവച്ചതിനെത്തുടർന്ന് കേന്ദ്ര സർക്കാർ മണിപ്പൂരിനെ രാഷ്ട്രപതി ഭരണത്തിന് കീഴിലാക്കിയിരുന്നു. വഖഫ് ബിൽ ഇതോടൊപ്പം പാസാക്കിയേക്കും. എൻഡിഎ സഖ്യകക്ഷികൾ പിന്തുണ വാഗ്ദാനം ചെയ്ത വഖഫ് ബിൽ എത്രയും വേഗം പാസാക്കുന്നതിന് സർക്കാർ അനുകൂലമാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു സൂചന നൽകി.
കഴിഞ്ഞ മാസം 13 മുതൽ രാഷ്ട്രപതി ഭരണത്തിൻ കീഴിലുള്ള മണിപ്പൂരിൽ തിങ്കളാഴ്ച ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. അതോടൊപ്പംസംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നതിന് പാർലമെന്റിന്റെ അംഗീകാരം തേടുന്ന പ്രമേയം ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. ത്രിഭാഷാ നയവും അതിർത്തി നിർണ്ണയവും ദക്ഷിണേന്ത്യയിൽ വിവാദമായി മാറിയിട്ടുണ്ട്.