രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്. ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ ഇടക്കാല ബജറ്റാണ് ഇന്ന് അവതരിപ്പിക്കുക. ധനകാര്യ വകുപ്പ് മന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റാണിത്. പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ ബജറ്റ് എന്ന പ്രത്യേകതയുമുണ്ട്. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള സമഗ്ര ബജറ്റ് പൊതുതെരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷം മാത്രമേ അവതരിപ്പിക്കൂ.
സാമ്പത്തിക ബാധ്യതകൾ കൈകാര്യം ചെയ്യാൻ സർക്കാരിനെ സഹായിക്കുന്നതിനാൽ പുതിയ സർക്കാർ രൂപീകരിക്കുന്നത് വരെയുള്ള ചെലവുകളും വരുമാനവും ആണ് ഇടക്കാല ബജറ്റിൽ ഉൾപ്പെടുത്തുക. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനപ്രിയ ബജറ്റ് ആയിരിക്കും നിർമല സീതാരാമൻ അവതരിപ്പിക്കുക.ആദായ നികുതി ഇളവുകൾ, ക്ഷേമ പദ്ധതികൾ, സ്ത്രീകൾക്കും കർഷകർക്കുമുളള സഹായം എന്നിവയിൽ ഊന്നിയായിരിക്കും ഇടക്കാല ബജറ്റ്. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലുള്ള വനിത കർഷകർക്ക് ആറായിരത്തിൽ നിന്ന് 12,000 രൂപയാക്കി സഹായം വർധിപ്പിക്കാൻ സാധ്യതയുണ്ട്.രാജ്യത്ത് ആകെ സ്ത്രീ കർഷകരിൽ തന്നെ 13 ശതമാനത്തോളം പേർക്ക് മാത്രമാണ് ഭൂമിയുള്ളത്.
അതിനാൽ തന്നെ ഈ പ്രഖ്യാപനം വലിയ ബാധ്യതക്ക് വഴിവെക്കില്ല. 2024 ൽ നടക്കാനിരിക്കുന്ന പാരീസ് ഒളിംപിക്‌സ് കണക്കിലെടുത്ത് കായിക രംഗത്തും ആകർഷകമായ പ്രഖ്യാപനങ്ങൾ വന്നേക്കും. പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ തിരഞ്ഞെടുപ്പിൽ ചർച്ചയാകാതിരിക്കാനുള്ള പ്രഖ്യാപനങ്ങളും ധനമന്ത്രി നടത്തിയേക്കും. 2019 ൽ അന്നത്തെ ധനമന്ത്രി പിയൂഷ് ഗോയൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിവും ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടായിരുന്നു. കർഷകർക്ക് പ്രതിവർഷം 6000 രൂപ അക്കൗണ്ടിലേക്ക് നൽകുന്ന പദ്ധതി ആ ബജറ്റിലെ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു. ഇതുകൂടാതെ ശമ്പള വരുമാനക്കാർക്ക് നികുതി ആനുകൂല്യത്തിനായി സ്റ്റാൻഡേഡ് ഡിഡക്ഷൻ 40,000 രൂപയിൽ നിന്ന് 50,000 രൂപയാക്കിയിരുന്നു.
Read Also : ആഗോള സംഘർഷങ്ങൾ: യു.എ.ഇ.യിൽ ഇന്ധനവില ഉയർത്തിയേക്കും