കൊച്ചി: കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിലെ ബ്രത്ത് അനലൈസർ പരിശോധന പാളി. ഇന്ന് രാവിലെ നടത്തിയ പരിശോധനകളാണ് സാങ്കേതിക തകരാറുകളെ തുടർന്ന് തിരിച്ചടി നേരിട്ടത്. മദ്യം ഉപയോഗിക്കാത്തവരടക്കം മദ്യപിച്ചിട്ടുണ്ടെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്.Broth Analyzer
കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ ഇന്ന് പുലർച്ചയോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ബ്രത്തലൈസർ മെഷീനുമായി ഇൻസ്പെക്ടർ രവി, ഇൻസ്പെക്ടർ സാംസൺ തുടങ്ങിയവർ ഡിപ്പോയിലെത്തി. രാവിലെ സർവീസിന് പോകാൻ വന്ന ജീവനക്കാരെ പരിശോധിക്കുകയായിരുന്നു ലക്ഷ്യം.
ഇതിനിടയിൽ 8.05ന് പാലക്കാട് സർവീസ് പോകാൻ വന്ന കണ്ടക്ടർ പി.വി.ബിജുവിനെ ബ്രത്തലൈസറിൽ ഊതിച്ചു. മെഷീനിൽ മദ്യത്തിന്റെ സാന്നിധ്യമായി രേഖപ്പെടുത്തിയത് 39%. എന്നാൽ മദ്യം കഴിക്കാത്ത ബിജു ഇതിനെ എതിർത്തു. ഇത് ഉദ്യോഗസ്ഥരും കെഎസ്ആർടിസി ജീവനക്കാരും തമ്മിലുള്ള വാഗ്വാദത്തിലെത്തി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്ററും ബിജുവിന്റെ വാദം ശരിവച്ചു.
ഇതോടെ സ്റ്റേഷൻ മാസ്റ്റർ ഷാജു സെബാസ്റ്റ്യനെ ഊതിക്കാനായി തീരുമാനം. സ്റ്റേഷൻ മാസ്റ്ററിന്റെ ശ്വാസത്തിലുള്ള മദ്യത്തിന്റെ സാന്ദ്രത 40%. തുടർന്ന് റഷീദ എന്ന ജീവനക്കാരിയെ ഊതിച്ചപ്പോൾ അളവ് 48%. സ്റ്റോർ ജീവനക്കാരിയായ അമ്പിളി ഊതിയപ്പോൾ 40%. ഓഫിസ് ജീവനക്കാരനായ അജീഷ് ലക്ഷ്മണൻ ഊതിയപ്പോൾ 35 ശതമാനം.
ഇതോടെ, ‘ഊതിക്കാൻ വന്ന സാറുമ്മാർ കൂടി ഊതിയിട്ട് പോയാൽ മതി’ എന്നായി ജീവനക്കാർ. അങ്ങനെ ഇൻസ്പെക്ടർ രവി ഊതിയപ്പോൾ മദ്യത്തിന്റെ അളവ് 45%. രാവിലെ ‘ഫിറ്റാ’യി ബ്രത്തലൈസർ കാണിച്ചവരാരും തന്നെ മദ്യപിക്കുന്നവരല്ല എന്നതാണ് കൗതുകം.
പെട്ടുപോയത് കേടായ ബ്രത്തലൈസറുമായി പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരും. അതേസമയം പുലർച്ചെ നാലുമുതൽ എട്ടുവരെ പരിശോധന നടത്തിയപ്പോൾ കുഴപ്പമില്ലായിരുന്നുവെന്നും 8.05 മുതൽ പരിശോധിച്ചപ്പോഴാണ് ബ്രത്തലൈസർ കുഴപ്പം കാട്ടിയതെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.