കുറ്റിപ്പുറം: ഓടിക്കൊണ്ടിരുന്ന തീവണ്ടിയിലേക്ക് അജ്ഞാതന്‍ ഇഷ്ടിക എറിഞ്ഞതിനെ തുടർന്ന് യാത്രക്കാരന് പരിക്ക്. ചാവക്കാട് എടക്കഴിയൂര്‍ ജലാലിയ പ്രിന്റിങ് വര്‍ക്‌സ് ഉടമ രായംമരക്കാര്‍ വീട്ടില്‍ ഷറഫുദ്ദീന്‍ മുസ്ലിയാര്‍(43)ക്കാണ് പരിക്കേറ്റത്. ഇയാളുടെ വയറിലാണ് ഇഷ്ടിക വന്നു പതിച്ചത്.(Brick was thrown at moving train)
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.10-നായിരുന്നു സംഭവം. കാസര്‍കോട്ടേക്ക് പോകാനായി കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് എഗ്മോര്‍-മംഗളൂരു തീവണ്ടിയില്‍ കയറിയതായിരുന്നു ഷറഫുദ്ദീന്‍. സ്റ്റേഷനില്‍നിന്ന് വണ്ടി പുറപ്പെട്ട് രണ്ടുമിനിറ്റ് കഴിഞ്ഞപ്പോഴാണ് ഇഷ്ടികയേറുണ്ടായത്. ഷറഫുദ്ദീന്റെ പരിക്ക് ഗുരുതരമല്ല.
ട്രെയിനിൽ എസ് ഒന്‍പത് കോച്ചിന്റെ വലതുവശത്തെ ജനലിനടുത്തുള്ള സീറ്റിലാണ് ഷറഫുദ്ദീന്‍ ഇരുന്നിരുന്നത്. ഇഷ്ടിക വന്നു വീണപ്പോൾ വേദനയുണ്ടായെങ്കിലും മറ്റു പ്രശ്‌നങ്ങളില്ലെന്ന് ഷറഫുദ്ദീന്‍ മുസ്ലിയാര്‍ പ്രതികരിച്ചു. സംഭവം നടന്ന ഉടനെ കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലും ആര്‍പിഎഫിലും വിളിച്ച് പരാതി പറഞ്ഞിരുന്നു. സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു.