ന്യൂ ഡൽഹി : ഒരു ലക്ഷത്തി നാൽപ്പതിനായിരം ടൺ ഇരുമ്പും സ്റ്റീലും ഉപയോഗിച്ച് രണ്ട് ലൈനായി പതിനഞ്ച് അടിയിലേറെ ഉയരത്തിൽ ഇസ്രയേൽ സ്ഥാപിച്ച അതിർത്തിവേലി നിഷ്പ്രയാസമാണ് ഹമാസ് തകർത്തത്. വേലിയ്ക്ക് ചുറ്റും സ്ഥാപിച്ച സെൻസറുകൾ, തെർമൽ ക്യാമറകൾ, മനുഷ്യസാനിധ്യം തിരിച്ചറിഞ്ഞാൽ വെടിയുതിർക്കുന്ന റിമോർട്ട് നിയന്ത്രിത മെഷീൻ ഗണ്ണുകൾ എന്നിവയെല്ലാം അധിക സുരക്ഷ ഒരുക്കുന്നതാണ് ഇസ്രയേൽ-പാലസ്തീൻ അതിർത്തി വേലി. ഇതെല്ലാം തകർത്ത് ഹമാസ് അക്രമികൾ രാജ്യത്തിനുള്ളിൽ കയറിയിട്ടും ഇസ്രയേൽ അറിഞ്ഞില്ല. ലോകമെങ്ങും പുകൾപ്പെറ്റ ഇസ്രയേൽ പ്രതിരോധ സംവിധാനങ്ങളെല്ലാം ഉപയോഗശൂന്യമായി പോയ ദിനമായിരുന്നു ഒക്ടോബർ ഏഴാം തിയതി. 1940-ൽ ജർമ്മനിയുടെ നാസിപട തകർത്ത മാജിനോട്ട് ലൈൻ എന്ന ഫ്രാൻസ്-ജർമൻ അതിർത്തി മതിൽ, 1944-ൽ സഖ്യകക്ഷികൾ തകർത്ത അറ്റ്ലാന്റിക് മതിൽ എന്നീ ചരിത്ര സംഭവങ്ങൾക്ക് സമാനമാണ് ഇസ്രയേൽ-പാലസ്തീൻ ഇരുമ്പ് മതിലിന്റെ തകർച്ചയെന്ന് ചില ചരിത്രകാരൻമാർ ചൂണ്ടികാട്ടുന്നു.
അമ്പത് വർഷത്തിലേറെ കാലം പ്രതിരോധ മേഖലയിൽ പ്രവർത്തിച്ച് പരിചയമുള്ള ഇസ്രയേൽ കമ്പനിയായ ‘ മഗൾ ‘ ന്റെ കമ്പിവേലിയാണ് പാലസ്തീൻ അതിർത്തിയിൽ സ്ഥാപിച്ചിരുന്നത്. അനധികൃതകുടിയേറ്റക്കാരെ തടയാൻ ദക്ഷിണപടിഞ്ഞാറൻ മേഖലയിൽ അമേരിക്കയും ഇസ്രയേൽ നിർമിത സുരക്ഷാവേലി ഉപയോഗിക്കുന്നുണ്ട്. ഇതേ കമ്പനിയുടെ സുരക്ഷാവേലിയാണ് വാങ്ങി കാശ്മീർ അതിർത്തിയിൽ സ്ഥാപിക്കാനാണ് ഇന്ത്യ ചർച്ച നടത്തുന്നത്. വേലിയുടെ പരിശോധനകൾ പുരോഗമിക്കുന്നു.കാശ്മീർ അതിർത്തി കൂടാതെ ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന മേഖലകളിലും ഇതേ സുരക്ഷാ വേലി വിന്യസിക്കാനാണ് ആലോചന. പക്ഷെ ഇസ്രയേൽ നേരിട്ട ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തീരുമാനം പുനപരിശോധിക്കുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നു.കരസേന, ബി.എസ്‍.എഫ് തുടങ്ങിയവ വലിയ തോതിൽ മനുഷ്യപ്രയത്നം ഉപയോഗിച്ചാണ് 3323 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യാ-പാക്ക് അതിർത്തി സംരക്ഷിച്ച് വരുന്നത്. സൈനീകർക്ക് പകരം ഇത്രയും ദൂരത്തിൽ കമ്പിവേലി സ്ഥാപിക്കാൻ കോടികണക്കിന് മില്യൺ തുക ചിലവഴിക്കേണ്ടി വരും.പക്ഷെ, തത്തുല്യമായ സുരക്ഷ ലഭിക്കുമോ എന്നതാണ് സംശയം. തുരങ്കങ്ങളും, കോൺക്രീറ്റ് ബ്ലോക്കുകളും വഴി എത്തിയ ഹമാസ് അക്രമികളെ തിരിച്ചറിയാൽ പോലും ഇസ്രയേലിന്റെ സുരക്ഷാവേലിയിൽ സ്ഥാപിച്ചിരുന്ന സെൻസറുകൾക്ക് കഴിഞ്ഞില്ല.അതിനേക്കാൾ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്ന പാക്ക് തീവ്രവാദികൾക്ക് വളരെയെളുപ്പം സെൻസറുകളെ കമ്പളിപ്പിക്കാൻ കഴിയും.
കമ്പിവേലികളിൽ ആശ്രയിക്കുന്ന രാജ്യങ്ങൾ
കമ്പിവേലികളിൽ അതിർത്തി സുരക്ഷ പരിപാലിക്കുന്ന സംവിധാനം ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലത്താണ് സജീവമാകുന്നത്. ആദ്യം പ്രയോഗിച്ച രാജ്യങ്ങളിലൊന്നായിരുന്നു ഫ്രാൻസ്. കോളനി രാജ്യമായിരുന്നു അൽജീരിയ സംരക്ഷിക്കാനായിരുന്നു അത്. അൽജീരിയ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് രൂപീകരിക്കപ്പെട്ട അൽജീരിയൻ നാഷണൽ ലിബറേഷൻ ഫ്രണ്ടിന്റ ആയുധ ധാരികളായ പ്രവർത്തകരുടെ സൈന്യം രാജ്യത്തിനുള്ളിൽ പ്രവേശിക്കാതിരിക്കാനായിരുന്നു ആ സാഹസം. ട്യൂണിഷ്യയിൽ നിന്നും മൊറോക്കോയിൽ നിന്നും ഒളിപോരാളികളായി സംഘം തിരിഞ്ഞ് എത്തുന്നവരെ പ്രതിരോധിക്കാൻ തീർത്ത ഇരുമ്പ് മതിലിൽ 5,000യിരം വരെ വോൾട്ടേജിൽ വൈദ്യുതി കടത്തി വിട്ടിരുന്നു. ഓരോ 15 മുതൽ 20 കി.മീറ്ററിലും കാവൽപുരകൾ. കൂടാതെ പോരാട്ടം ശക്തമായ 1957ൽ ലഭ്യമായിരുന്ന നിരീക്ഷണ റഡാറുകളും മേഖലയിൽ വിന്യസിച്ചിരുന്നു.വേലിയ്ക്ക് സമീപം റോഡുകൾ നിർമ്മിച്ചും, വ്യോമസേന നിരീക്ഷണം നടത്തിയും ഫ്രഞ്ചുകാർ അവരുടെ സുരക്ഷ വർദ്ധിപ്പിച്ച് കൊണ്ടേയിരുന്നു. പക്ഷെ അതെല്ലാം തകർത്ത് അൽജീരിയ സ്വതന്ത്രമാക്കപ്പെടുക തന്നെ ചെയ്തു.
ലോകത്തെ മറ്റിടങ്ങളിലും സമാനമായ ശ്രമങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. മൈൻഫീഡുകൾ ഒരുക്കി വേലിയ്ക്ക് സമീപം ആരും എത്താതെ സൂക്ഷിക്കുന്ന രാജ്യങ്ങളും ഉണ്ട്. നിലവിൽ ഇറാഖ് അതിർത്തികളിലൂടേയുള്ള എണ്ണ കടത്തുകാരെ തടയാനും സിറിയൻ കലാപകാരികളുടെ കടന്ന് കയറ്റം തടയാനും അമേരിക്ക കമ്പിവേലികളാണ് നിർമിച്ചിരിക്കുന്നത്. ഇറാഖ്- സിറിയ അതിർത്തി രണ്ടായി പകുത്ത് മാറ്റുന്ന സുരക്ഷാ മതിലുകളിൾ ഇലക്ട്രോണിക് സെൻസറുകൾ ഘടിപ്പിച്ച് അടുത്തിടെ നവീകരിച്ചിരുന്നു.
അതിർത്തി കാക്കാൻ സൈനീകരെ അധികമായി വിന്യസിക്കുന്നത് പാഴ്ചിലവാണെന്ന് ബേഡൻ സർക്കാർ കരുതുന്നു. അതിനാൽ മനുഷ്യർക്ക് പകരം സെൻസറുകളും റിമോട്ട് കൺട്രോൾ ആയുധങ്ങളും കാവൽനിൽക്കുമെന്നാണ് സങ്കൽപം. 2006 ന് ശേഷം മേഖലയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ സാനിധ്യം വർദ്ധിച്ചു.ഇത് അടിച്ചമർത്താൻ വൻ ചിലവ് വരും. പകരം അതിർത്തി അടച്ചിട്ട് താത്കാലിക പരിഹാരം കാണുക എന്നതാണ് നയം.
ഇന്ത്യ പഠിക്കേണ്ട പാഠം : ഇസ്രയേൽ പ്രതിരോധം എങ്ങനെ പരാജയപ്പെട്ടു.
ഒക്ടോബർ ഏഴിന് കര-വായു-കടൽ മാർഗം ഇസ്രയേലിനെ ആക്രമിക്കാൻ എങ്ങനെ ഹമാസിന് കഴിഞ്ഞു ?ഇസ്രയേലിലെ മാധ്യമങ്ങളും അന്താരാഷ്ട്രമാധ്യമങ്ങളും നിരവധി കാരണങ്ങൾ നിരത്തി കഴിഞ്ഞു. പക്ഷെ, സംഭവിച്ചതിലെ വീഴ്ച്ചകളെക്കുറിച്ച് കൃത്യമായി പരിശോധിക്കാനുള്ള സർക്കാർ ഡേറ്റകളൊന്നും പുറത്ത് വന്നിട്ടില്ല. അത് കൊണ്ട് തന്നെ ഇസ്രയേൽ – ഹമാസ് പോരാട്ടം കഴിയുന്നത് വരെ കാത്തിരുന്നേ മതിയാകു. മാധ്യമ റിപ്പോർട്ടുകളും ഇസ്രയേലിലെ പ്രതിപക്ഷ വിമർശനങ്ങളും പരിശോധിക്കുമ്പോൾ ഒരു കാര്യം മനസിലാകും. അതീവ ജാഗ്രതയോടെ ഹമാസ് ആക്രമണത്തിന് കാത്തിരുന്നു , ഇസ്രയേൽ അമിത ആത്മവിശ്വാസത്താൽ അലസരായി. രണ്ടാം തവണയും പ്രധാനമന്ത്രി പദം ലഭിച്ച ബഞ്ചമിൻ നെത്യാഹു രാഷ്ട്രിയ എതിരാളികളെ അടിച്ചമർത്താനും , നിയമസംവിധാനത്തെ കാൽകീഴിലാക്കാനുമുള്ള നിയമങ്ങൾ കൊണ്ട് വരാനുള്ള ശ്രദ്ധയിലായിരുന്നു. ഇത് ഇസ്രയേലിനുള്ളിൽ കലാപങ്ങൾക്ക് കാരണമായി. പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അന്തഛിദ്രമുണ്ടാക്കിയ സമയമാണ് ആക്രമണത്തിന് പറ്റിയതെന്ന് ഹമാസ് തിരിച്ചറിഞ്ഞു. അവർക്ക് മുന്നിൽ ഉണ്ടായിരുന്ന ഏക പ്രതിരോധം ഇരുമ്പ് വേലി മാത്രമായി ചുരുങ്ങി. ഒക്ടോബർ നാലാം തിയതി. വെസ്റ്റ് ബാങ്കിലെ സെന്റ് ജോസഫിന്റെ ആരാധനാലയത്തിലേയ്ക്ക് ഒരു സംഘം യഹൂദ വിശ്വാസികൾ തീർത്ഥാടന യാത്ര നടത്തുന്നു. യഹൂദരെ സംബന്ധിച്ച് പവിത്രമായ സ്ഥലങ്ങളിലൊന്നാണ് ഇത്. ആരാധനാലയം സ്ഥിതി ചെയ്യുന്ന വെസ്റ്റ് ബാങ്ക് പാലസ്തീനിൽ നിന്നും ഇസ്രയേൽ പിടിച്ചെടുത്ത സ്ഥലമാണ്. ഹമാസിന് ഇപ്പോഴും സ്വാധീനമുള്ള മേഖല. യഹൂദ തീർത്ഥാടന ഗ്രൂപ്പിനെ ആക്രമിച്ചേക്കാമെന്ന അഭ്യൂഹം പൊട്ടിപ്പുറപ്പെടുന്നു. ഇവർക്ക് സംരക്ഷണമേഖാൻ ബഞ്ചമിൻ നെത്യാഹു സർക്കാർ നിയമിച്ചതാകട്ടെ അതിർത്തിയിൽ കാവൽ നിന്ന സൈനീകരെ. വലിയ തോതിലുള്ള സൈനികർ ഗാസ അതിർത്തിയിൽ നിന്നും മാറി.ആ ദിവസം ഹമാസിന്റെ ഒളിപോരാളികൾ ടണലുകളിലൂടെ സുരക്ഷാ വേലികൾക്ക് സമീപം എത്തി. അവിടെ കാത്തിരുന്നു. ആക്രമണം ഉണ്ടായ ഒക്ടോബർ ഏഴ് വരെ കാത്തിരിപ്പ് തുടർന്നു. തുടർന്ന് കാവൽപോസ്റ്റുകൾക്ക് സമീപം മാത്രം ഉണ്ടായിരുന്ന കുറച്ച് ഇസ്രയേൽ സൈനീകരുടെ ശ്രദ്ധതിരിക്കാനായി ശ്രമം. ചെറിയ തോതിലുള്ള ബോംബേറും മെഷീൻ ഗൺ ഉപയോഗിച്ചുള്ള വെടിവയ്പ്പും നടത്തി. പരിഭ്രാന്തരായ സൈനീകർ ആക്രമണം ഉണ്ടായ ദിശയിൽ മാത്രം കേന്ദ്രീകരിച്ചപ്പോൾ മറ്റൊരു ഭാഗത്ത് ഇരുമ്പ് വേലികൾ സ്ഫോടനത്തിലൂടെ തകർക്കുകയായിരുന്നു ഒരു സംഘം. ചെറിയ വിടവുകളിലൂടെ ഇസ്രയേലിൽ കടന്ന ആക്രമികൾ കണ്ണിൽ കണ്ടവരെയെല്ലാം വെടിവച്ചിട്ടു. ആക്രമണം ആരംഭിച്ചു. പിന്നാലെ എത്തിയ സംഘം ബുൾഡോസറുകൾ ഉപയോഗിച്ച് കമ്പിവേലികൾ വീണ്ടും തകർത്തുവെന്നും റിപ്പോർട്ട് ഉണ്ട്.
അതിർത്തികൾ സുരക്ഷിതമാക്കുന്നതിന് വേലികൾ ഉപയോഗപ്രദമായ ഒരു ഉപാധിയാണെങ്കിലും, ആവശ്യമായ സൈനികരെ ഗ്രൗണ്ടിൽ എത്തിച്ചില്ലെങ്കിൽ എല്ലാ സംരക്ഷണവും പരാജയമാകുമെന്നാണ് ഇസ്രയേൽ നൽകുന്ന പാഠം. സ്വന്തം രാജ്യത്തെ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന ഉറച്ച് നിലപാടും, മികച്ച പരിശീലനവും ലഭിച്ച സൈനീകന് പകരമാകില്ല ഒരു അത്യാധുനിക സംവിധാനവും. പക്ഷെ സൈനീകന്റെ ജീവൻ രാജ്യത്തിന്റെ കൈകളിലാണ്. അത് പരിപാലിച്ചേ മതിയാകു.