വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസ് വിശുദ്ധ പദവിയിലേക്ക് എത്തുകയാണ്. ദിവ്യകാരുണ്യ ഭക്തിയുടെ പ്രചരണത്തിനായി ജീവിതം സമര്‍പ്പിക്കുകയും പതിനഞ്ചാം വയസില്‍ മരണമടയുകയും ചെയ്ത വാഴ്ത്തപ്പെട്ട കാർളോ അക്യുട്ടിസിൻ്റെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതത്തിന് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നല്കിയതായി കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള കത്തോലിക്കാ സഭ 2025-ല്‍ ജൂബിലി വർഷമായി ആചരിക്കുവാനിരിക്കെ ജൂബിലി മധ്യേ കാർളോയെ വിശുദ്ധനായി പ്രഖ്യാപിക്കും. ഇതിനായുള്ള നടപടി ക്രമങ്ങൾ നടന്നു വരികയാണ്. കാര്‍ളോയുടെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതം ഫ്രാന്‍സിസ് പാപ്പയും അംഗീകരിച്ചതോടെ വിശുദ്ധ പദവി പ്രഖ്യാപനം സംബന്ധിച്ച തീയതിക്ക് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിശ്വാസി സമൂഹം.
വിശുദ്ധന്റെ ജീവിതം:
1991 മേയ് മൂന്നിന് ലണ്ടനിലായിരുന്നു കാര്‍ളോയുടെ ജനനം. ടെക്നോളജിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചെറുപ്പം മുതൽ അതീവ തൽപരനായിരുന്ന കാര്‍ളോ. പതിനൊന്ന് വയസ്സുള്ളപ്പോള്‍ തന്നെ, ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓൺലൈൻ ശേഖരം നിർമ്മിച്ചു.ഇത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. കാര്‍ളോ ഒരുക്കിയ ദിവ്യകാരുണ്യ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം ലോകമെമ്പാടും പ്രദർശിപ്പിച്ചിട്ടുണ്ട്. ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും വിശ്വാസ നവീകരണത്തിനും ഇത് നൽകിയ സംഭാവനകൾ ചെറുതല്ല. നമ്മൾ ദിവ്യകാരുണ്യം എത്രയധികമായി സ്വീകരിക്കുന്നുവോ, അത്രമാത്രം നാം യേശുവിനെ പോലെയാകുമെന്നും അങ്ങനെ ഈ ഭൂമിയിൽ നമുക്ക് സ്വർഗ്ഗത്തിന്റെ ഒരു മുന്നാസ്വാദനം ഉണ്ടാകുമെന്നും കാര്‍ളോ പതിനൊന്നാമത്തെ വയസ്സിൽ പറഞ്ഞു. 2006 ഒക്ടോബര്‍ 12നു, തന്റെ പതിനഞ്ചാം വയസ്സില്‍ അവന്‍ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി.
കാർളോ അക്യുട്ടിനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തിയ അത്ഭുതം
കോസ്റ്റാറിക്കയിൽ നിന്നുള്ള വലേറിയ വാൽവെർഡെ എന്ന ഇരുപത്തിയൊന്നു വയസ്സുള്ള പെൺകുട്ടിയ്ക്കു കാര്‍ളോയുടെ മധ്യസ്ഥതയാല്‍ നടന്ന അത്ഭുതകരമായ രോഗശാന്തിക്കാണ് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകിയിരിക്കുന്നത്. 2022 ൽ ഫ്ലോറൻസിൽ പഠിക്കുമ്പോൾ സൈക്കിൾ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണത്തോടടുത്ത ആ
അപകടത്തിന് പിന്നാലെ പെൺകുട്ടിക്ക് അടിയന്തരമായി സര്‍ജ്ജറി നടത്തിയ ശേഷവും അവളുടെ അവസ്ഥ വളരെ ഗുരുതരമായിരിന്നു. ഏത് നിമിഷവും മരിക്കാമെന്നു വീട്ടുകാരോട് ഡോക്ടർമാർ അറിയിച്ചു. അപകടത്തിന് ആറ് ദിവസത്തിന് ശേഷം, വലേറിയയുടെ അമ്മ അസീസിയിലേക്ക് തീർത്ഥാടനത്തിന് പോയി. വാഴ്ത്തപ്പെട്ട കാർളോ അക്യൂട്ട്സിൻ്റെ ശവകുടീരത്തിൽ തൻ്റെ മകളുടെ രോഗശാന്തിക്കായി മധ്യസ്ഥം യാചിച്ച് പ്രാർത്ഥിച്ചു.
അതേ ദിവസം തന്നെ, അത്ഭുതകരമായ മാറ്റം വലേറിയയില്‍ കണ്ടു തുടങ്ങി. മെഡിക്കല്‍ ഉപകരണങ്ങളുടെ പിന്‍ബലത്തില്‍ നിലനിന്ന അവളില്‍ പൊടുന്നനെ മാറ്റം ദൃശ്യമായി. അവള്‍ സ്വയം ശ്വസിക്കാൻ തുടങ്ങി. അടുത്ത ദിവസം വലേറിയ കൈകാലുകളുടെ ചലനം വീണ്ടെടുക്കുകയും ഭാഗികമായി സംസാരം വീണ്ടെടുക്കുകയും ചെയ്തു. അമ്മയുടെ തീർത്ഥാടനത്തിന് 10 ദിവസത്തിന് ശേഷം വലേറിയയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയപ്പോള്‍ തലച്ചോറിനേറ്റ ഗുരുതരമായ ക്ഷതം പൂർണ്ണമായും അപ്രത്യക്ഷമായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. മെയ് 23-ന് ഇത് സംബന്ധിച്ച വിശദമായ പഠനഫലത്തിന് മാര്‍പാപ്പ അംഗീകാരം നല്കിയതായി കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അസുഖം ഭേദമായി ദിവസങ്ങള്‍ മാത്രം ആയുസ്സ് വിധിച്ച മെഡിക്കൽ പ്രവചനങ്ങൾക്ക് വിരുദ്ധമായി, ആരോഗ്യം അത്ഭുതകരമായ വിധത്തില്‍ വീണ്ടെടുത്ത വലേറിയ രണ്ട് മാസത്തിന് ശേഷം 2022 സെപ്തംബർ 2ന്, പൂർണ രോഗമുക്തയായി കാര്‍ളോയുടെ ശവകുടീരത്തില്‍ എത്തിയിരുന്നു.
Read also: കനത്ത മഴയിൽ താറുമാറായി ട്രെയിൻ സർവീസ്; പത്തിലധികം ട്രെയിനുകള്‍ വൈകിയോടുന്നു, വിവരങ്ങൾ ഇങ്ങനെ