ചവറ: കൊല്ലം നീണ്ടകരയിൽ വീടിനു സമീപം അടിയേറ്റു രക്തം വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ, ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. നീണ്ടകര ചീലാന്തി ജംക്‌ഷൻ നെടുവേലിൽ ക്ഷേത്രത്തിനു സമീപം വിഷ്ണു നിവാസിൽ ഹരികൃഷ്ണനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരീ ഭർത്താവ് സുരേഷ് ബാബുവിനെ (50) ചവറ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്.
രാവിലെ ഒൻപതരയോടെ റോഡരികിൽ രക്തം വാർന്ന് ഉറുമ്പരിച്ച നിലയിലാണ് ഹരികൃഷ്ണനെ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസ് സ്ഥലത്ത് എത്തി നീണ്ടകര ഗവ.ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ഇടതുകാൽ ഒടിഞ്ഞുതൂങ്ങിയ നിലയിലായിരുന്നു. ദേഹത്തു മർദനം ഏറ്റിട്ടുണ്ട്. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന, എസ്ഐ എം.അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.