തിരുവനന്തപുരം: 400 സീറ്റുകൾ എന്ന ലക്ഷ്യത്തിൽ കേരളവും ഭാഗമാകും, ലോക്സഭ തെരഞ്ഞെടുപ്പിൽ ഇക്കുറി ബിജെപിസീറ്റുകൾ രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ മലയാളികൾ കൂടുതൽ ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായണ് അദ്ദേഹം.2019 നെക്കാൾ ആവേശം ഇപ്പോൾ കാണുന്നു. 2024 ൽ പ്രതിപക്ഷം പരാജയം ഉറപ്പാക്കി. പ്രതിപക്ഷത്തിന് നരേന്ദ്ര മോദിയെ ആക്ഷേപിക്കുക എന്ന ലക്ഷ്യം മാത്രമാണുള്ളത്. കേരളം കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന നാടാണ്. നാടിന്റെ വികസനത്തിനു വേണ്ടി കേരളം ബി ജെ പി യെ പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരളത്തിന്റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ മോദി സർക്കാർ പ്രതിഞ്ജാബദ്ധമാണ്. അതാണ് മോദിയുടെ ഗ്യാരണ്ടി- പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തോടോ മറ്റൊരു സംസ്ഥാനത്തോടോ കേന്ദ്രം വിവേചനം കാണിച്ചിട്ടില്ല. വിഹിതം തുല്യമായി നൽകുന്നു. കേരള സർക്കാരിന്റെ നിസ്സഹകരണം ഉണ്ടായിട്ടും സംസ്ഥാനത്തിന് വലിയ പരിഗണന നൽകുന്നു. അഞ്ചരക്കോടി രൂപ ആയുഷ്മാൻ ഭാരത് പദ്ധതിയിലൂടെ കേരളത്തിലെ ജനങ്ങൾക്ക് ലഭിച്ചു. 50 ലക്ഷം മുദ്ര വായ്പ വിതരണം ചെയ്തു. 32 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ജല ജീവൻ മിഷൻ വഴി കുടി വെള്ളം നൽകിയെന്നും മോദി പറഞ്ഞു.
ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി രാജ്യത്തെ മാറ്റും – ഇതാണ് മോദിയുടെ ഗ്യാരണ്ടി. അഴിമതിക്കാർ എന്തെങ്കിലും തെറ്റു ചെയ്യുന്നതിന് മുൻപ് നൂറുവട്ടം ചിന്തിക്കേണ്ടിവരും – ഇതാണ് മോദിയുടെ ഗ്യാരണ്ടി. കേരളത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾ വിദ്യാഭ്യാസ രംഗത്ത് പുതിയ വഴിതുറക്കും – ഇതാണ് മോദിയുടെ ഗ്യാരണ്ടി. മോദുയുടെ മൂന്നാം സർക്കാർ സമസ്ത മേഖലയിലും വികസനം ഉറപ്പാക്കും- ഇതാണ് മോദിയുടെ ഗ്യാരണ്ടി- പ്രധാനമന്ത്രി പറഞ്ഞു.
എല്ലാവർക്കും നമസ്കാരമെന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. അനന്തപത്മനാഭ സ്വാമിയെ നമസ്കരിക്കുകയാണെന്നും രാജ്യത്തിൻറെ പുരോഗതിയ്ക്കുവേണ്ടി അനന്തപത്മനാഭ സ്വാമിയുടെ അനുഗ്രഹം തേടുകയാണെന്നും മോദി പറഞ്ഞു. തിരുവനന്തപുരത്ത് വരുന്നത് സന്തോഷമുള്ള കാര്യമാണ്. ഏറ്റവും സ്നേഹമുള്ള ആളുകളുള്ള നഗരമാണിത്. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് വന്നപ്പോൾ നഗരം നിറഞ്ഞു കവിഞ്ഞിരുന്നു. കേരളത്തിലെ ജനങ്ങൾ എക്കാലത്തും എന്നെ സ്നേഹിച്ചിട്ടുണ്ട്. ആ സ്നേഹം തിരിച്ചുനൽകാൻ കൂടുതൽ പരിശ്രമിക്കും. കേരളം എന്നും സ്നേഹം നൽകി. ഇത്തവണ മലയാളികൾക്ക് കൂടുതൽ ആവേശം കാണുന്നുവെന്നും ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്യത്താകെ നാനൂറിലധികം സീറ്റുകൾ എന്നതാണ് ഇത്തവണത്തെ എൻഡിഎയുടെ മുദ്രാവാക്യമെന്നും മോദി പറഞ്ഞു. കേരളത്തോട് കേന്ദ്ര സർക്കാർ ഒരിക്കലും ബിജെപി വിവേചനം കാണിച്ചിട്ടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൽക്കുള്ള പരിഗണന കേരളത്തിനും നൽകിയെന്നും മോദി പറഞ്ഞു.
വിക്രം സാരാഭായി സ്പേസ് സെൻററിലെ പരിപാടിക്കുശേഷം ഉച്ചയോടെയാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്. ഉച്ചക്കുശേഷം പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് പോകും. നാളെ ഉച്ചയോടെ തിരുനെൽവേലിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം 1.15 ന് മഹാരാഷ്ട്രയിലേക്ക് പോകും.