ആലപ്പുഴ: രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ മന്ത്രി പി പ്രസാദിന്റെ വീടിന് മുന്നിൽ പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ. മന്ത്രിയുടെ വീടിന് മുന്നിൽ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ച് വിളക്കുകൊളുത്താൻ ബിജെപി പ്രവർത്തകർ ശ്രമിച്ചു.
എന്നാൽ സിപിഐ പ്രവർത്തകർ സംഘടിച്ചെത്തിയതോടെ പ്രദേശത്ത് സംഘർഷ സാഹചര്യം രൂപപ്പെടുകയായിരുന്നു. പ്രദേശത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുകയാണ്.
രാജ്ഭവനിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷ പരിപാടി ബഹിഷ്കരിച്ച കൃഷിമന്ത്രി പി. പ്രസാദിന്റെ നടപടി വിവാദമായതോടെയാണ് പ്രതിഷേധവുമായി ബിജെപി എത്തിയത്.
സർക്കാരിന്റെ പരിപാടിയിലെ വ്യവസ്ഥാപിത ചിട്ടവട്ടങ്ങൾക്ക് വിരുദ്ധമായി വേദിയിൽ ‘ഭാരതാംബ’യുടെ ചിത്രം സ്ഥാപിച്ചിരുന്നു എന്നാരോപിച്ചാണ് ബഹിഷ്കരണം.
ഭാരതാംബയുടെ അഥവാ ഭാരതമാതാവിന്റെ ചിത്രം സംബന്ധിച്ചുള്ള ചർച്ചകൾക്ക് ഗവർണറുടെ ഈ നടപടി കാരണമായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ തർക്കങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
ഭാരതത്തിന്റെ മാതാവിനോടുള്ള അവഹേളനമായി ചിലർ മന്ത്രിയുടെ നടപടിയെ കാണുന്നു. നിലവിൽ ഭാരതാംബയുടെ ചിത്രം ആർഎസ്എസ് പരിപാടികളിലാണ് സജീവമായി കാണാറുള്ളതെങ്കിലും അതിന്റെ ഉത്ഭവത്തിന് ആർഎസ്എസ്സുമായി ബന്ധമൊന്നുമില്ല എന്നതാണ് വാസ്തവം.