ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുക തന്നെ ചെയ്യുമെന്നാണ് അഴിമതിക്കാരോട് പറയാനുള്ള തെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല കേരളത്തിലേതെന്നും ഏത് ഏജന്‍സി വന്നാലും കേരളത്തില്‍ ഒന്നും സംഭവിക്കില്ലെന്നുമുള്ള മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണത്തിനായിരുന്നു സുരേന്ദ്രന്റെ മറുപടി. മാസപ്പടി വാങ്ങി അനധികൃതമായി ഏതെങ്കിലും കമ്പനികള്‍ക്ക് സേവനം ചെയ്തിട്ടുണ്ടെങ്കിൽ അത് നിയമത്തിന് മുന്നില്‍ എത്തുകതന്നെ ചെയ്യും. അമ്മായിയപ്പനായാലും മരുമകനായാലും വെള്ളം കുടിക്കും. അഴിമതി നടത്തിയവര്‍ മാത്രം ഭയപ്പെട്ടാല്‍ മതിഎന്നും അഴിമതി നടത്താത്തവർ മൂക്ക് തെറിക്കുമെന്ന് ഭയക്കേണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു. കൊടകരയിൽ കള്ളപ്പണ ഇടപാട് നടന്നിട്ടില്ല. അവിടെ ഉണ്ടായത് ഒരു കവര്‍ച്ചാക്കേസാണ്. അതിലെ പ്രതികളെല്ലാം അറസ്റ്റിലായിട്ടുണ്ടെന്നും ആര് വിചാരിച്ചാലും തനിക്കെതിരെ ഇതില്‍ കേസെടുക്കാന്‍ കഴിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
വലിയ അഴിമതിയും സഹകരണ ബാങ്ക് കൊളളയുമാണ് ഇരുമുന്നണികളും കേരളത്തില്‍ നടത്തുന്നത്. അഴിമതി കേസുകളില്‍ എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ നിര്‍ലജ്ജം കൈകോര്‍ക്കുകയാണ്. അഴിമതിക്കാര്‍ അകത്താകുമെന്ന ബോധ്യം വന്നതിനാലാണ് ഈ ഒത്തു ചേരല്‍. പിണറായി വിജയനും മകളും മാത്രമല്ല കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയിട്ടുണ്ട്. ഇതിലെ വേവലാതിയാണ് ഐക്യപ്പെടലിന് കാരണമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.