ഗുസ്തി താരങ്ങളിൽ നിന്നും പീഡന ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണ് മത്സരിക്കാൻ സീറ്റ് നൽകാതെ ബിജെപി. ലൈംഗികാതിക്രമ വിവാദം നിലനിൽക്കുന്ന സാഹചര്യത്തിലാണ് നീക്കം. പകരം കൈസർഗഞ്ചിൽ ബ്രിജ് ഭൂഷണിന്റെ മകൻ കരൺ ഭൂഷൺ ബിജെപി സ്ഥാനാർത്ഥിയാകും. കൈസർഗഞ്ചിൽ നാമനിർദേശപട്ടിക സമർപ്പിക്കാനുള്ള അവസാനതീയതി നാളെയാണ്.
ബ്രിജ് ഭൂഷണ്‍ സിങിന്റെ ഇളയ മകനായ കരണ്‍ ഭൂഷണ്‍ സിങ് നിലവില്‍ ഉത്തര്‍പ്രദേശ് റസ്‌ലിങ് അസോസിയേഷന്‍ പ്രസിഡന്റാണ്. നവാബ്ഗഞ്ചിവെ കോ-ഓപ്പറേറ്റീവ് വില്ലേജ് ഡെവലപ്പ്‌മെന്റ് ബാങ്ക് പ്രസിഡന്റായും കരണ്‍ ഭൂഷണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ തവണ കൈസര്‍ഗഞ്ചില്‍ ബ്രിജ് ഭൂഷണ്‍ സിങ് രണ്ടു ലക്ഷം വോട്ടിനാണ് വിജയിച്ചത്.
ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായിരിക്കെ വനിതാ ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് ബ്രിജ് ഭൂഷണെതിരെ കേസുണ്ട്. ആറു താരങ്ങളാണു ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ ഉൾപ്പെടെ മുൻനിര താരങ്ങളുടെ നേതൃത്വത്തിൽ ബ്രിജ് ഭൂഷണിനെതിരെ പ്രതിഷേധമുയർന്നിരുന്നു. ഇതു തിരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കുമെന്ന് നിഗമനത്തിലാണ് മകനെ മത്സരിപ്പിക്കാൻ തീരുമാനിച്ചത്.