അഹമ്മദാബാദ്: അറബിക്കടലില്‍ രൂപംകൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്നു വൈകിട്ട് നാലിനും രാത്രി എട്ടിനും ഇടയില്‍ ഗുജറാത്ത് തീരം തൊടും. വരും മണിക്കൂറില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കച്ച്, ജുനാഗഡ്, പോര്‍ബന്തര്‍, ദ്വാരക എന്നിവിടങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. ഗുജറാത്ത് തീരത്തുനിന്ന് 74,343 പേരെ ഒഴിപ്പിച്ചു. 76 ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.
നിലവില്‍ ഗുജറാത്ത് തീരത്തുനിന്ന് 220 കിലോമീറ്റര്‍ അകലെയാണ് ബിപോര്‍ജോയ്. ഇതു നാലു മണിയോടെ സൗരാഷ്ട്ര, കച്ച് തീരങ്ങളിലും അതിനോടു ചേര്‍ന്നുള്ള മാണ്ഡവി – കറാച്ചി പ്രദേശത്തിനിടയിലുള്ള പാക്കിസ്ഥാന്‍ തീരത്തുമായി കരതൊടുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കാറ്റഗറി 3ലെ അതിതീവ്ര ചുഴലിക്കാറ്റിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ബിപോര്‍ജോയ് കരതൊടുമ്പോള്‍ മണിക്കൂറില്‍ 140-150 കിലോമീറ്റര്‍ വേഗതയുണ്ടായേക്കുമെന്നാണു മുന്നറിയിപ്പ്. മരങ്ങള്‍ കടപുഴകി വീഴാനും പഴയ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കും താല്‍ക്കാലിക നിര്‍മിതികള്‍ക്കും വന്‍നാശനഷ്ടങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി എന്‍ഡിആര്‍എഫിന്റെ 18 സംഘങ്ങളെയും സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ 12 സംഘത്തെയും സംസ്ഥാന ഗതാഗത റോഡ് വകുപ്പിന്റെ 115 സംഘത്തെയും സംസ്ഥാന വൈദ്യുതി വകുപ്പിന്റെ 397 പേരെയും സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി നിയോഗിച്ചിട്ടുണ്ട്.