ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹി പട്യാല കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബ്രിജ് ഭൂഷണെതിരെ ചുമത്തിയ പോക്‌സോ കേസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പോക്‌സോ കേസ് ചുമത്തുന്നതിനാവശ്യമായ തെളിവു ലഭിച്ചില്ലെന്നു പൊലീസ് അറിയിച്ചു. ജൂലൈ നാലിനു കേസില്‍ വാദം കേള്‍ക്കും.
ബ്രിജ് ഭൂഷണെതിരെ നിരവധി വനിതാ താരങ്ങളാണ് രംഗത്തെത്തിയത്. ഒളിംപ്യന്‍ ബജ്രംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവരുടെ നേതൃത്വത്തില്‍ ജന്തര്‍മന്തറില്‍ സമരം ആരംഭിച്ചിരുന്നു. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം 15ന് അകം പൂര്‍ത്തിയാക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ സമരം ഒരാഴ്ചത്തേക്കു നിര്‍ത്തിവയ്ക്കാന്‍ താരങ്ങള്‍ തയാറായി. കേന്ദ്ര കായികമന്ത്രി അനുരാഗ് സിങ് ഠാക്കൂറുമായി 5 മണിക്കൂറിലേറെ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണു തീരുമാനം. കര്‍ഷക സംഘടനകളും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.