ബില്‍ക്കിസ് ബാനു കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി . പ്രതികളായ രാധേശ്യാം ഭഗവന്‍ദാസ്. രാജുഭായ് ബാബുലാല്‍ എന്നിവരുടെ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. പുതിയ റിമിഷന്‍ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി വരുന്നത് വരെയായിരുന്നു ഭഗവാന്‍ദാസും ബാബുലാലും താല്‍ക്കാലിക ജാമ്യം തേടിയത്. (Bilkis Banu case: Supreme Court rejects interim bail plea of accused)
കുറ്റവാളികളുടെ ഹര്‍ജി എങ്ങനെ നിലനില്‍ക്കുമെന്ന് സുപ്രീം കോടതി ചോദിച്ചു. വിമര്‍ശനത്തെ തുടര്‍ന്ന് ഹര്‍ജി അഭിഭാഷകന്‍ പിന്‍വലിച്ചു. ജനുവരി എട്ടിനാണ് ബില്‍കിസ് ബാനു കേസില്‍ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രിംകോടതി റദ്ദാക്കിയത്. 2022ലെ സ്വാതന്ത്ര്യദിനത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ ഇവരെ ജയില്‍ മോചിതരാക്കിയിരുന്നു.
2002ലെ ഗുജറാത്ത് കലാപ സമയത്ത് ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. നേരത്തെ കേസിലെ പ്രതികളെ വെറുതെ വിട്ട ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. തുടര്‍ന്നാണ് കേസിലെ പ്രതികളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്.