കോഴിക്കോട്: ബൈക്ക് മോഷണം നടത്തിയ അഞ്ചു വിദ്യാർത്ഥികളെ പിടികൂടി പോലീസ്. കോഴിക്കോട് വടകരയിലാണ് സംഭവം. ഒന്‍പത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും മോഷ്ടിച്ച ആറ് ബൈക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്.
വടകര ഭാഗത്ത് വ്യാപകമായി മോഷണം നടക്കുന്നുവെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥികൾ പിടിയിലായത്. വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് ഇവര്‍ ബൈക്കുകള്‍ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ബൈക്കുകളുടെ ലോക്കുകള്‍ പൊട്ടിച്ചാണ് കുട്ടിക്കള്ളന്മാർ മോഷണം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
രാത്രി സമയത്ത് വീട്ടില്‍ പറയാതെ പുറത്തിറങ്ങിയാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. കുട്ടികള്‍ പിടിയിലായ സമയത്താണ് രക്ഷിതാക്കള്‍ വിവരം അറിഞ്ഞതെന്നും മോഷ്ടിച്ച ബൈക്കുകള്‍ ഇവര്‍ നിറം മാറ്റം വരുത്തിയെന്നും പൊലിസ് അറിയിച്ചു. വിദ്യാർത്ഥികളെ നാളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. പ്രതികൾ സമാനമായ കൂടുതല്‍ മോഷണം നടത്തിയോ എന്നതുള്‍പ്പടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.