ദില്ലി: ജി ട്വന്റി ഉച്ചക്കോടിയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച്ച ദില്ലിയിലെത്തും. അന്നേ ദിവസം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഔദ്യോഗിക കൂടിക്കാഴ്ച്ച നടത്തുമെന്ന് അമേരിക്കൻ വിദേശകാര്യ വകുപ്പ് സ്ഥീരീകരിച്ചു.നിർണായകമായ ആ കൂടിക്കാഴ്ച്ച അതീവ സുരക്ഷവേദിയിലായിരിക്കും നടക്കുക. ശനിയാഴ്ച്ചയാണ് ജി ട്വന്റി ഉച്ചക്കോടി ആരംഭിക്കുന്നത്. വിവിധ രാഷ്ട്രതലവൻമാരുമായി ശനിയാഴ്ച്ച ബൈഡൻ സംസാരിക്കും. തുടർന്ന് ഞായറാഴ്ച്ച അമേരിക്കൻ പ്രസിഡന്റ് വിയറ്റ്നാമിലേയ്ക്ക് പോകുമെന്ന് ദില്ലിയിലെ അമേരിക്കൻ എംബസിയും വ്യക്തമാക്കി.ഉക്രെയിനിൽ റഷ്യ നടത്തുന്ന കടന്ന് കയറ്റത്തെക്കുറിച്ച് ഉച്ചക്കോടിയിൽ ചർച്ച നടത്തുമെന്ന് അമേരിക്കൻ സുരക്ഷ ഉപദേഷ്ടാവ് ജാക്ക് സുള്ളീവൻ വ്യക്തമാക്കി. ഐക്യരാഷ്ട്രസഭ അംഗങ്ങളിൽ ഭൂരിപക്ഷവും ഉക്രെയിൻ അധിനിവേശത്തെ എതിർക്കുന്നതിന് സമാനമായി ജി ട്വന്റി അംഗങ്ങളും എതിർപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ജോ ബൈഡൻ റഷ്യക്കെതിരെ സംസാരിക്കുമെന്നും അമേരിക്ക അറിയിച്ചു.അതേ സമയം യോഗത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ പങ്കെടുക്കുന്നില്ല.പകരം റഷ്യൻ വിദേശകാര്യമന്ത്രി സർജീവ് ലാവ്റോയാണ് ഇന്ത്യയിലെത്തുന്നത്.
ഉക്രെയിൻ അധിനിവേശം ചർച്ചയാകുമോ ?
റഷ്യ ഉക്രെയിൻ അധിനിവേശമാരംഭിച്ചതിന് ശേഷം ഇത് രണ്ടാം തവണയാണ് ജി ട്വന്റി ഉച്ചക്കോടി നടക്കുന്നത്. കഴിഞ്ഞ തവണ ഇന്ത്യോനേഷ്യ ആതിഥേയത്വം വഹിച്ച യോഗം ബാലിയിൽ വച്ചാണ് നടന്നത്. ആ യോഗത്തിൽ ഉക്രെയിനെതിരായ നടപടിയുടെ പേരിൽ റഷ്യക്കെതിരെ പ്രമേയം പാസാക്കാൻ അമേരിക്ക ശ്രമിച്ചിരുന്നു. പക്ഷെ ചർച്ച നടന്നെങ്കിലും പ്രമേയം ഉണ്ടായില്ല. വീണ്ടുമൊരു ശീതസമരത്തിലേയ്ക്ക് ലോകം പോകരുതെന്ന് ഇന്ത്യോനേഷ്യൻ പ്രസിഡന്റ് ആഭ്യർത്ഥിക്കുകയും ചെയ്തു. ഉക്രെയിൻ പ്രസിഡന്റ് വ്ളാദിമർ സെലൻസ്ക്കി വീഡിയോ കോളിലൂടെ ബാലിയിലെ ഉച്ചക്കോടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചത് ശ്രദ്ധേയമായി. എന്നാൽ ദില്ലിയിലെത്തുമ്പോൾ അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. റഷ്യയുടെ വലിയ വ്യാപാര ബന്ധമാണ് നിലവിൽ ഇന്ത്യയ്ക്ക് ഉള്ളത്. പക്ഷെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ റഷ്യൻ അധിനിവേശത്തെ എതിർത്ത് കൊണ്ട് സംസാരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഉച്ചക്കോടിയിൽ പങ്കെടുക്കുന്ന റഷ്യൻ വിദേശകാര്യമന്ത്രിയും എതിർപ്പ് അറിയിച്ച് രംഗത്ത് എത്തുമെന്ന് ഉറപ്പ്.
റിപ്പബ്ളിക് ഡേ പരേഡിൽ ജി ട്വന്റി തലവൻമാരെ ക്ഷണിക്കും.
ജനുവരിയിൽ നടക്കുന്ന രാജ്യത്തിന്റെ എഴുപത്തിയഞ്ചാമത് റിപ്പബ്ളിക്ക് ദിന പരേഡിൽ ജി ട്വന്റി രാഷ്ട്ര തലവൻമാരെ പങ്കെടുപ്പിക്കാൻ സർക്കാർ ശ്രമം ആരംഭിച്ചു. ആദ്യം രാഷ്ട്ര തലവൻമാരുടെ സമയം ലഭിച്ചതിന് ശേഷം പിന്നീട് ഔദ്യോഗികമായി ക്ഷണകത്ത് അയക്കുകയാണ് പതിവ്. അത് പ്രകാരം ദില്ലിയിലെത്തുന്ന രാഷ്ട്രതലവൻമാരുമായി വിദേശകാര്യമന്ത്രി സംസാരിക്കും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ 2024 ലെ അമേരിക്കൻ പ്രിസഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരക്കിലായിരിക്കുമെന്ന് അദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഓസ്ട്രേലിയൻ സർക്കാരാകട്ടെ ജനുവരി 26ന് അവരുടെ നാഷണൽ ഡേ ആചരിക്കുന്നു. അതിനാൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി അതുമായി ബന്ധപ്പെട്ട ചുമതലകളിലായിരിക്കും. ജപ്പാനിൽ സാധാരണയായി ഒരു വർഷത്തെ ആദ്യത്തെ പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നത് ജനുവരി അവസാന ആഴ്ച്ചകളിലാണ്. ബഡ്ജറ്റ് സമ്മേളനമായതിനാൽ ജപ്പാൻ പ്രധാനമന്ത്രി കിഷിന്ദ യും റിപ്പബ്ളിക് ദിന പരേഡിന് എത്തില്ല. ബാക്കി നേതാക്കളെ ഒന്നിപ്പിച്ച് റിപ്പബ്ളിക് ദിന പരേഡിൽ അണി നിരത്താനുള്ള ശ്രമവും സജീവമാണ്.