കുഞ്ഞ് ബക്കറ്റിൽ മുങ്ങിമരിച്ചു; പിന്നാലെ അമ്മയും ആത്മഹത്യ ചെയ്തു
ബെംഗളൂരു: പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞ് വെള്ളം നിറച്ച ബക്കറ്റിൽ മുങ്ങിമരിച്ചതിനെ തുടർന്ന് അമ്മ ആത്മഹത്യ ചെയ്ത ദാരുണ സംഭവം പടിഞ്ഞാറൻ ബെംഗളൂരുവിലെ ഭൈരവേശ്വരനഗറിൽ. സോഫ്റ്റ്‌വെയർ പ്രൊഫഷണലായ പ്രതിഭ (29)യും മകൻ അഗസ്ത്യ (11 മാസം)യും മരിച്ചതായി പൊലീസ് അറിയിച്ചു.
ബുധനാഴ്ചയാണ് സംഭവം നടന്നത്. സംഭവസമയത്ത് വീട്ടിൽ പ്രതിഭയും കുഞ്ഞും മാത്രമായിരുന്നു. ഭർത്താവ് മഹാന്തേഷ് ജോലിക്ക് പോയിരിക്കുകയായിരുന്നു. വസ്ത്രങ്ങൾ എടുക്കാൻ പ്രതിഭ ടെറസിലേക്ക് പോയ സമയത്ത്, കുളിമുറിയിലെത്തിയ കുഞ്ഞ് അബദ്ധത്തിൽ വെള്ളം നിറച്ച ബക്കറ്റിൽ വീണു മുങ്ങുകയായിരുന്നു.
തിരിച്ചെത്തിയ പ്രതിഭ കുഞ്ഞിനെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഈ ദുഃഖം സഹിക്കാനാകാതെ ആദ്യം വീട്ടിലുണ്ടായിരുന്ന പാരസെറ്റമോൾ ഗുളികകൾ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടർന്ന് കൈത്തണ്ട മുറിക്കുകയും ഒടുവിൽ തൂങ്ങിമരിക്കുകയും ചെയ്തതായി പൊലീസ് വ്യക്തമാക്കി.
വൈകുന്നേരം ആറരയോടെ വീട്ടിലെത്തിയ ഭർത്താവ് വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിൽ കണ്ടു. തുടർന്ന് സ്പെയർ താക്കോൽ ഉപയോഗിച്ച് അകത്ത് കയറിയപ്പോൾ ഭാര്യയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
പ്രതിഭ എഴുതിയ ആത്മഹത്യാ കുറിപ്പും 15 ഗുളികകളുടെ ഒഴിഞ്ഞ സ്ട്രിപ്പും പൊലീസ് കണ്ടെടുത്തു. കുഞ്ഞിന്റെ മരണത്തിന് താനാണ് ഉത്തരവാദിയെന്നും കുറ്റബോധത്തോടെ ജീവിക്കാൻ കഴിയില്ലെന്നും കുറിപ്പിൽ പറയുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. നാല് വർഷമായി കുടുംബം ഇവിടെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു.
ശ്രദ്ധിക്കുക: മാനസികമായ പ്രയാസങ്ങൾ അനുഭവിക്കുന്നവർ ദയവായി സഹായത്തിനായി വിളിക്കുക.
ദിശ ഹെൽപ്പ് ലൈൻ (കേരളം): 1056, 0471-2552056.
മൈത്രി (സന്നദ്ധ സംഘടന): 0484-2540501.
നിങ്ങൾ തനിച്ചല്ല, സഹായം ലഭ്യമാണ്.
English Summary
A tragic incident occurred in Bengaluru where a 29-year-old software professional died by suicide after her 11-month-old son accidentally drowned in a bucket of water. Overcome with grief and guilt, she attempted suicide before ultimately hanging herself. Police have registered a case and are continuing the investigation.









