കോഴിക്കോട്: കന്നുകാലികള്‍ക്ക് വില കുത്തനെ കൂടുന്ന സാഹചര്യത്തില്‍ ഇറച്ചി വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി വ്യാപാരികള്‍. ഓള്‍കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ യോഗമാണ് തീരുമാനം എടുത്തിരിക്കുന്നത്. മേയ് 15 മുതല്‍ വില വര്‍ദ്ധനവ് നടപ്പാക്കാനാണ് തീരുമാനം.
കന്നുകാലികള്‍ക്കുണ്ടാകുന്ന അനിയന്ത്രിത വില വര്‍ദ്ധനവും അറവ് ഉത്പ്പന്നങ്ങളായ എല്ല്. തുകല്‍, നെയ്യ് എന്നിവയ്ക്കുണ്ടായ വിലയിടിവുമാണ് ഇറച്ചി വില വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.കോതിയില്‍ നാശോന്മുഖമായി കിടക്കുന്ന അറവുശാല പൊളിച്ചു മാറ്റി ആധുനിക സംവിധാനങ്ങളോടെയുള്ള അറവുശാല പണിതു തരാമെന്ന വാഗ്ദാനം കോഴിക്കോട് കോര്‍പ്പറേഷന്‍ അധികാരികള്‍ പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വിഷയം അധികാരികളുടെ മുന്നില്‍ വീണ്ടും ഉന്നയിക്കാനും നിഷേധാത്മക നിലപാട് തുടരുന്ന പക്ഷം സമര പരിപാടികള്‍ ആവിഷ്‌ക്കരിക്കാനും യോഗം തീരുമാനിച്ചു.
കെ.പി. മുഹമ്മദ് സലീം അദ്ധ്യക്ഷത വഹിച്ചു. എ.കെ.എം.എം.എ സംസ്ഥാന പ്രസിഡന്റ് ടി.കെ.സാദിഖ് മുഖ്യ പ്രഭാഷണം നടത്തി. എ. അബ്ദുള്‍ ഗഫൂര്‍ സ്വാഗതവും അഷ്‌റഫ് കടലുണ്ടി നന്ദിയും പറഞ്ഞു.