മുംബൈ: ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ തോൽവിക്ക് പിന്നാലെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കെതിരെ നടപടിയുമായി ബിസിസിഐ. കുറഞ്ഞ ഓവർ നിരക്കിന് 30 ലക്ഷം രൂപ പാണ്ഡ്യയ്ക്ക് പിഴ ചുമത്തി. കൂടാതെ ഒരു മത്സരത്തിൽനിന്നു വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സീസണിലെ 14 മത്സരങ്ങളും മുംബൈ പൂർത്തിയാക്കിയതിനാൽ, അടുത്ത സീസണിലെ ആദ്യ മത്സരത്തിൽ പാണ്ഡ്യയ്ക്കു കളിക്കാനാകില്ല.
അതേസമയം അടുത്ത സീസണിലും ഹാർദിക് പാണ്ഡ്യ തന്നെയായിരിക്കും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനെന്നാണു പുറത്തുവരുന്ന വിവരം. അങ്ങനെയാണെങ്കിൽ അടുത്ത സീസണിലെ ആദ്യ മത്സരത്തിൽ മുംബൈയ്ക്കു നായകനില്ലാതെ ഇറങ്ങേണ്ടിവരും. ടീമിലെ മറ്റു താരങ്ങൾക്കെതിരെയും ബിസിസിഐയുടെ നടപടിയെടുത്തിട്ടുണ്ട്. പ്ലേയിങ് ഇലവനിലുണ്ടായിരുന്ന എല്ലാ താരങ്ങളും 12 ലക്ഷം രൂപയോ, മാച്ച് ഫീയുടെ 50 ശതമാനമോ പിഴയായി അടയ്ക്കേണ്ടിവരും. മുംബൈയ്ക്കു വേണ്ടി ഇംപാക്ട് പ്ലേയറായി ഇറങ്ങിയ താരത്തിനും നടപടി നേരിടേണ്ടിവരും.
സീസണിലെ അവസാന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ലക്നൗ സൂപ്പർ ജയന്റ്സ് 18 റൺസിനാണു തോൽപിച്ചത്. ആദ്യം ബാറ്റു ചെയ്ത ലക്നൗ സൂപ്പർ ജയന്റ്സ് ആറു വിക്കറ്റ് നഷ്ടത്തിൽ 214 റൺസെടുത്തു. മറുപടി ബാറ്റിനിറങ്ങിയ മുംബൈ ഇന്ത്യൻസിന് 20 ഓവറിൽ ആറിന് 196 റൺസെടുത്ത് മടങ്ങേണ്ടി വന്നു. അവസാന മത്സരത്തിൽ രണ്ടോവറുകൾ പന്തെറിഞ്ഞെങ്കിലും ഹാർദിക് പാണ്ഡ്യയ്ക്കു വിക്കറ്റൊന്നും നേടാനായില്ല. ബാറ്റിങ്ങിൽ 13 പന്തുകൾ നേരിട്ട പാണ്ഡ്യ 16 റൺസ് നേടി പുറത്താകുകയായിരുന്നു.
Read Also: പടയപ്പ വീണ്ടും ജനവാസമേഖലയില്‍; കല്ലാറിലെ മാലിന്യപ്ലാന്റിലെത്തി