തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും
ബംഗളൂരു: തെരുവുനായകള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കുന്ന പദ്ധതിയുമായി ബംഗളൂരു കോര്‍പ്പറേഷന്‍. പ്രതിദിനം തെരുവുനായകള്‍ക്ക് ‘സസ്യേതര’ ഭക്ഷണം നല്‍കുന്നതിനാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.
തെരുവുനായകള്‍ അക്രമാസക്തമാകുന്നത് കുറയ്ക്കുകയും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ബൃഹത് ബംഗളൂരു മഹാനഗര പാലിക പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്.
ദിവസത്തിൽ ഒരുനേരം കോഴിയിറച്ചിയും ചോറുമടങ്ങിയ ഭക്ഷണം നല്‍കാനാണ് തീരുമാനം. തുടക്കത്തില്‍ നഗരത്തിലെ 5000 തെരുവുനായകള്‍ക്ക് ഭക്ഷണം നൽകും.
ബംഗളൂരു നഗരത്തില്‍ ആകെ 2.8 ലക്ഷം തെരുവുനായ്ക്കള്‍ ഉണ്ടെന്നാണ് കണക്ക്. ഓരോ നായയുടെയും ഭക്ഷണത്തില്‍ 150 ഗ്രാം കോഴിയിറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയില്‍ എന്നിവ ഉൾപ്പെടുത്തണമെന്നാണ് നിര്‍ദേശം.
22.42 രൂപയാണ് ഒരു നായയുടെ ഭക്ഷണത്തിന്റെ ചെലവ് ആയി കണക്കാക്കുന്നത്. ഒരു വര്‍ഷത്തേക്ക് 2.9 കോടി രൂപയാണ് പദ്ധതിക്കായി ബിബിഎംപി നീക്കിവെച്ചിരിക്കുന്നത്.
ബംഗളുരുവിൽ നേരത്തേയും നഗരത്തിലെ തെരുവുനായകള്‍ക്ക് ബിബിഎംപി ഭക്ഷണം എത്തിച്ചുനല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതാദ്യമായാണ് സസ്യേതര ഭക്ഷണം നല്‍കുന്നത്.
തെരുവുനായകളുടെ അക്രമാസക്തി കുറയ്ക്കുന്നതിനാണ് അവയ്ക്ക് ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചതെന്ന് ബിബിഎംപി സ്പെഷ്യല്‍ കമ്മിഷണര്‍ സുരാല്‍കര്‍ വ്യാസ് അറിയിച്ചു.
ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങളും മൃഗസംരക്ഷണ മാര്‍ഗരേഖയും അനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരത്തിന്റെ എട്ടുസോണുകളിൽ ഓരോ സോണിനും 36 ലക്ഷം രൂപ വീതം ആണ് അനുവദിക്കുക. ഓരോസോണിലും നൂറു വീതം കേന്ദ്രങ്ങളില്‍ ഭക്ഷണ വിതരണം നടക്കും.
ഓരോ കേന്ദ്രത്തിലും 500 നായകള്‍ക്ക് ഭക്ഷണം നല്‍കുമെന്നും സുരാല്‍കര്‍ വ്യാസ് അറിയിച്ചു. അതേസമയം നഗരവാസികള്‍ പദ്ധതിയോട് സമ്മിശ്രമായാണ് പ്രതികരിക്കുന്നത്.
നല്ല കാര്യമെന്ന് മൃഗസ്നേഹികള്‍ പറയുമ്പോള്‍ അനാവശ്യ ചെലവാണ് നടത്തുന്നതെന്ന് മറുവിഭാഗം ആരോപിക്കുന്നു. വന്ധ്യംകരണത്തിലൂടെ നായ്ക്കളുടെ എണ്ണം കുറയ്ക്കുന്നതിനു പകരം അവയെ പോറ്റാന്‍ പൊതു ഫണ്ടില്‍ നിന്ന് കോടിക്കണക്കിന് രൂപ നീക്കിവയ്ക്കുന്നു എന്നാണ് പ്രധാന ആക്ഷേപം.
കബഡി താരം മരിച്ചത് പേവിഷബാധയേറ്റ്
മീററ്റ്: പട്ടിക്കുട്ടി കടിച്ച് രണ്ടുമാസത്തിനു ശേഷം യുവാവിന് പേവിഷബാധ. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശി ബ്രിജേഷ് സോളങ്കിയാണ് പേവിഷബാധയെ തുടർന്ന് മരിച്ചത്.
സംസ്ഥാന കബഡി ടീമിലെ അംഗമാണ് ഇരുപത്തിരണ്ടുകാരനായ ബ്രിജേഷ് സോളങ്കി. ആരോഗ്യനില അതീവഗുരുതരമായതോടെ നോയിഡയിലെ ആശുപത്രിയിൽ നിന്നും മധുരയിലെ ഒരു ആത്മീയ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് യുവാവ് മരിച്ചത്.
രണ്ടുമാസം മുമ്പ് കാനയിൽ വീണ ഒരു നായക്കുട്ടിയെ ബ്രിജേഷ് സോളങ്കി രക്ഷിച്ചിരുന്നു. ഈ സമയത്ത് നായക്കുട്ടിയുടെ കടിയേൽക്കുകയും ചെയ്തിരുന്നു.
യുവാവ് അതത്ര കാര്യമായെടുത്തിരുന്നില്ല. എന്നാൽ, രണ്ടുമാസത്തിന് ശേഷമാണ് സോളങ്കി പേവിഷബാധയുടെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങിയത്.
ജൂൺ 26ന് പരിശീലനത്തിനിടെയാണ് സോളങ്കിക്ക് മരവിപ്പ് അനുഭവപ്പെട്ടു. ആദ്യം ജില്ലാ ആശുപത്രിയിലേക്കും നില ഗുരുതരമായതോടെ നോയിഡയിലുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
സോളങ്കി വെള്ളത്തോട് ഭയം കാണിക്കുകയും പേവിഷബാധയേറ്റ എല്ലാ ലക്ഷണങ്ങളും കാണിക്കാൻ തുടങ്ങിയെന്നും സഹോദരൻ പറഞ്ഞു.
ഖുർജയിലും അലിഗഢിലും ഡൽഹിയിലുമുള്ള ആശുപത്രികളിലെത്തിച്ചെങ്കിലും അവർ ചികിൽസ നിഷേധിക്കുകയായിരുന്നു.
നോയിഡയിലുള്ള ഡോക്ടർമാരാണ് പേവിഷബാധയേറ്റിരിക്കാം എന്ന് വ്യക്തമാക്കി. ഒടുവിൽ മധുരയിലെ ഒരു ആത്മീയ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അവൻ മരിച്ചതെന്നും സഹോദരൻ പറഞ്ഞു.
പട്ടിക്കുട്ടിയെ കാനയിൽ നിന്നുമെടുത്തപ്പോൾ ഏറ്റ കടി സോളങ്കി കാര്യമാക്കിയിരുന്നില്ലെന്ന് കബഡി കോച്ച് പ്രവീൺ കുമാർ പറഞ്ഞു.
‘ദിവസവും കബഡി കളിക്കുന്നതിൻറെ ഭാഗമായുണ്ടായ വേദനയെന്നാണ് അവൻ കരുതിയത്. മുറിവും ചെറുതായതിനാൽ കാര്യമാക്കിയില്ല. അതിനാൽ തന്നെ വാക്സിൻ എടുത്തില്ല,’ കോച്ച് പറഞ്ഞു.
Summary: Bruhat Bengaluru Mahanagara Palike (BBMP) launches a new initiative to feed stray dogs daily with non vegetarian food. The project aims to reduce aggression among stray dogs and ensure public safety across the city.