ഒളിംപിക്‌സ് മത്സരങ്ങള്‍ മുന്നിലെത്താനിരിക്കെ ഗുസ്തി താരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെന്‍ഷന്‍. ദേശീയ ഉത്തേജക വിരുദ്ധ സമിതിയുടേതാണ് നടപടി. ഉത്തേജക മരുന്ന് പരിശോധനയ്ക്കായി പുനിയ സാമ്പിള്‍ നല്‍കാത്തതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷൻ എന്നാണ് പുറത്തു വരുന്ന വിവരം. മാര്‍ച്ച് 10ന് സോനിപത്തില്‍ നടന്ന സെലക്ഷന്‍ ട്രയലിനിടെ പുനിയ സാമ്പിള്‍ നല്‍കിയിരുന്നില്ല. രോഹിത് കുമാറിനെതിരായ മത്സരത്തില്‍ തോറ്റതിന് പിന്നാലെ സാമ്പിള്‍ നല്‍കാതെ പുനിയ വേദി വിടുകയായിരുന്നു. ട്രയല്‍സ് നടന്ന സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) കേന്ദ്രത്തില്‍ നിന്നാണ് പുനിയ വിട്ടുപോയത്.
സസ്‌പെന്‍ഷന്‍ നിലവിലുള്ള കാലയളവില്‍ പുനിയയ്ക്ക് ഒരു ടൂര്‍ണമെന്റിലോ ട്രയല്‍സിലോ പങ്കെടുക്കാനാകില്ല. സസ്‌പെന്‍ഷന്‍ നിലനില്‍ക്കുന്ന പക്ഷം ഒളിമ്പിക്‌സിനുള്ള വരാനിരിക്കുന്ന ട്രയല്‍സിലും പുനയയ്ക്ക് പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധർ പറയുന്നത്. അതേസമയം ബിജെപി നേതാവ് ബ്രിജ് ഭൂഷണ്‍ ചരണ്‍ സിംഗിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിലെ മുന്‍നിരയിലുണ്ടായിരുന്ന താരമാണ് ബജ്‌റംഗ് പുനിയ.