പൂന്തുറ: ചൂണ്ടയിൽ കുടുങ്ങിയത് ഭീമൻ തിരണ്ടി.250 കിലോ തൂക്കമുള്ള മത്സ്യത്തെ കരയിലെത്തിക്കാൻ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിവന്നത് ഒന്‍പത് മണിക്കൂര്‍. വലവീശുന്നതിനിടയിലാണ് തിരണ്ടിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് രണ്ടും കൽപ്പിച്ച് ചൂണ്ടയെറിഞ്ഞു. ഇട്ട പാടെ ചൂണ്ടയിൽ കൊത്തി. ചൂണ്ടയുമായി തിരണ്ടി മുന്നോട്ടുകുതിച്ചെങ്കിലും വളളവുമായി മത്സ്യത്തൊഴിലാളികളും പിന്തുടർന്നു. ഒരു രക്ഷയും ഇല്ലാതായപ്പോൾ രണ്ടാമത്തെ ചൂണ്ടയും എറിഞ്ഞ് ഏറെ പണിപ്പെട്ട് തിരണ്ടിയെ വരുതിയിലാക്കി. ശേഷം, വളളത്തില്‍ കെട്ടിവലിച്ച് എട്ടുമണിക്കൂറോളം യാത്രചെയ്ത് കരക്കെത്തി.
വലയിലൊതുങ്ങാത്ത തിരണ്ടിക്ക് ചൂണ്ട എറിഞ്ഞു; കുതിച്ച് പാഞ്ഞ മീനിന് പിന്നാലെ വള്ളക്കാരും; ഒടുവിൽ കൈപ്പിടിയിലൊതുക്കിയത് കൊക്കിലൊതുങ്ങാത്ത മീനെ; കരക്കടുപ്പിച്ചപ്പഴോ മേടിക്കാനാളില്ല ; കിട്ടിയ കാശിന് വിറ്റഴിച്ചത് 250 കിലോ തൂക്കമുള്ള തിരണ്ടിയെ
അപ്രതീക്ഷിതമായി കുടുങ്ങിയ 250 കിലോ ഗ്രാം തൂക്കമുള്ള ഭീമന്‍ തിരണ്ടിയെ വള്ളത്തിൽ കെട്ടിവലിച്ചാണ് കരയിലെത്തിച്ചത്. ഏറെപണിപ്പെട്ട് തിരണ്ടിയെ കരയ്‌ക്കെത്തിച്ചപ്പോഴാകട്ടെ വലിപ്പക്കൂടുതൽ മൂലം വാങ്ങാൻ ആളില്ലാത്ത അവസ്ഥ. ഒടുവിൽ അൻപതിനായിരത്തിലധികം രൂപ വിലമതിയ്ക്കുന്ന തിരണ്ടി 22,000 രൂപയ്ക്കാണ് വിറ്റുപോയത്.
പൂന്തുറ സ്വദേശികളായ വളളം ഉടമ മൈക്കിള്‍, സുരേഷ്, പൂടന്‍ എന്നിവരാണ് 250 കിലോ തൂക്കമുളള തിരണ്ടിയുമായി തീരത്ത് എത്തിയത്. ആദ്യമായാണ് ഇവിടെ ഇത്രയും വലിപ്പമുളള തിരണ്ടി ലഭിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു.തുടര്‍ന്ന് ലേലത്തിന് വെച്ചുവെങ്കിലും വലിപ്പമുളള തിരണ്ടിയായതിനാല്‍ വാങ്ങാന്‍ ആരും മുന്നോട്ടുവന്നില്ലെന്ന് മൈക്കിൾ പറഞ്ഞു. അൻപതിനായിരത്തിലധികം രൂപയ്ക്ക് വിറ്റുപോകണ്ടേ തിരണ്ടിയെ പൂന്തുറ നിവാസിയായ ഫ്രാന്‍സിസ് എന്നയാൾ 22,000 രൂപയ്ക്ക് വാങ്ങുകയായിരുന്നു.