ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പാരാമിലിട്ടറി ജവാൻ സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് മരിച്ചു. രാമജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന്റെ സുരക്ഷാ ചുമതലയുള്ള സശാസ്ത്ര സീമ ബൽ (എസ്എസ്എഫ്) അർധസൈനിക സേനാംഗം ശത്രുഘ്നൻ വിശ്വകർമയാണ് മരിച്ചത്. 25കാരനായ ശത്രുഘ്നന്റെ നെറ്റിയിലാണ് വെടിയേറ്റത്.Ayodhya’s Ram Temple security guard paramilitary jawan accidentally shot dead with his own gun
അംബേദ്കർ നഗർ സ്വദേശിയായ ശത്രുഘ്‌നൻ വിശ്വകർമ സർവീസ് തോക്ക് തെറ്റായി കൈകാര്യം ചെയ്തതിനെത്തുടർന്നാണ് അപകടമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വെടിയേറ്റതിനു പിന്നാലെ ഉടൻ തന്നെ മറ്റ് സുരക്ഷാ സേനാംഗങ്ങൾ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ട്രോമാ സെൻ്ററിലേക്ക് റഫർ ചെയ്തെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
അടുത്തിടെ രാമക്ഷേത്ര സമുച്ചയത്തിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. മാർച്ചിൽ, ഒരു പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി (പിഎസി) കമാൻഡോയ്ക്ക് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് പരിക്കേറ്റിരുന്നു.
മുമ്പ്, 2012ലും സമാന മരണം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് കേസിൽ കിടന്നിരുന്ന അയോധ്യാ പ്രദേശത്ത് സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന സിആർപിഎഫ് ജവാൻ എൻ. രാജ്‌ഗോപാലനാണ് മരിച്ചത്. കൈയിലുണ്ടായിരുന്ന എകെ 47 റൈഫിളിൽ നിന്നാണ് അബദ്ധത്തിൽ വെടിയേറ്റത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.