മെൽബൺ: ഓസ്‌ട്രേലിയൻ ഹോക്കി താരം മാറ്റ് ഡൗസൻ തന്റെ വിരലറ്റം മുറിച്ചുമാറ്റി. പാരീസ് ഒളിംപിക്‌സിൽ പങ്കെടുക്കുന്നതിനായാണ് താരം വലതു കൈയിലെ മോതിര വിരലിന്റെ അറ്റം മുറിച്ചുമാറ്റിയത്.Australian hockey player Matt Dawson has his finger amputated
മുപ്പതുകാരനായ ഡൗസന്റെ വിരലിന് പരിക്കേറ്റിരുന്നു. പരിക്ക് ഭേദമാകണമെങ്കിൽ പ്ലാസ്റ്ററിടുകയോ ശസ്ത്രക്രിയ നടത്തി വിരലിന്റെ അറ്റം നീക്കം ചെയ്യുകയോ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതോടെയാണ് സർജറിക്ക് താരം തയ്യാറായത്.
ടോക്യോ ഒളിംപിക്‌സ് വെള്ളി മെഡൽ ജേതാവായ താരത്തിന് തന്റെ മൂന്നാം ഒളിംപിക്‌സ് സ്വപ്‌നം സാക്ഷാത്കരിക്കണമെങ്കിൽ വിരലറ്റം മുറിക്കേണ്ടിവരുമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു.
പ്ലാസ്റ്ററിട്ടാൽ പരിക്ക് സാവധാനത്തിലേ ഭേദമാകൂ. അതോടെ ഒളിംപിക്‌സിൽ മത്സരിക്കാനാവില്ല. തുടർന്ന് ശസ്ത്രക്രിയയിലൂടെ വിരലറ്റം മുറിക്കാൻ തീരുമാനിക്കുകയായിരുന്നു.
പ്ലാസ്റ്റിക് സർജന്റെ സഹായത്താലാണ് ശസ്ത്രക്രിയ നടത്തിയത്. പാരീസിൽ മത്സരിക്കാൻ വേണ്ടി മാത്രമല്ല, നല്ലത് അതാണെന്നതിന്റെ അടിസ്ഥാനത്തിൽക്കൂടിയാണ് വിരൽ മുറിച്ചത്. വിരലറ്റം മുറിക്കുക എന്നതായിരുന്നു ഏറ്റവും നല്ല ഒപ്‌ഷെന്നും ഡൗസൻ പറഞ്ഞു.
ഡൗസന്റെ പ്രവൃത്തിയെ ഓസ്‌ട്രേലിയൻ കോച്ച് ഉൾപ്പെടെയുള്ളവർ പ്രകീർത്തിച്ചു. ടോക്യോവിൽ ഫൈനലിൽ ബെൽജിയത്തോട് പരാജയപ്പെട്ട് ഓസ്‌ട്രേലിയൻ ഹോക്കി ടീം വെള്ളി നേടിയിരുന്നു.”