തൃശൂർ: റെയിൽവേ ട്രാക്കിൽ ഇരുമ്പുദണ്ഡ് കയറ്റിവച്ച് ചെറിയ കഷണങ്ങളാക്കി മോഷ്ടിക്കാൻ ശ്രമം.
തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി ഹരി(38) പിടിയിൽ. ഇതുവഴി കടന്നുപോയ ഗുഡ്‌സ് ട്രെയിൻ ട്രാക്കിൽ കിടന്ന ഇരുമ്പ് ദണ്ഡിൽ കയറിയെങ്കിലും തെറിച്ചുപോയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ട്രാക്കിന് കേടുപാടുണ്ടായി.
ഇന്നലെ പുലർച്ചെ 4.55ന് തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് നൂറ് മീറ്റർ അകലെയായിരുന്നു സംഭവം നടന്നത്.
ട്രാക്കിലൂടെ ട്രെയിൻ കടന്നയുടനെ ഗുഡ്‌സ് ട്രെയിന്റെ ലോക്കോ പൈലറ്റാണ് റെയിൽവേ സ്റ്റേഷനിൽ ഇക്കാര്യം അറിയിച്ചത്.
ഉടൻ തന്നെ റെയിൽവേ പൊലീസും ആർ.പി.എഫ് ഇന്റലിജൻസ് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി പ്രതിയെ സംഭവസ്ഥലത്ത് നിന്ന് പിടികൂടുകയായിരുന്നു.
ഇയാൾ ട്രാക്കിൽ ഇരുമ്പ് റാഡ് വച്ച ശേഷം അവിടെ നിന്ന് മാറി നിൽക്കുകയായിരുന്നുവെന്നും മോഷ്ടിക്കാനാണ് ഇത്ചെയ്തതെന്നും പൊലീസ് പറഞ്ഞു.
കുപ്പി,പാട്ട തുടങ്ങിയ സാധനങ്ങൾ ശേഖരിച്ച് വിൽക്കുന്നതാണ് ഇയാളുടെ സ്ഥിരം തൊഴിൽ. റെയിൽവേയുടെ ഇരുമ്പ് സാധനങ്ങൾ മോഷ്ടിച്ച് വിൽക്കാനായിരുന്നു ഇയാളുടെ ശ്രമം.
പ്രതി ലഹരിക്ക് അടിമയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. ഇയാൾക്കെതിരെ കേസെടുത്ത് തുടർനടപടി സ്വീകരിച്ചു. പിന്നീട്,ട്രാക്കിലെ പ്രശ്നങ്ങൾ പരിഹരിച്ചശേഷം മറ്റ് ട്രെയിനുകൾ കടത്തി വിട്ടു.