തൃശൂര്‍: കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് അതിരപ്പിള്ളി പെരിങ്ങല്‍കുത്ത് ഡാം തുറന്നു. ഡാമിലെ രണ്ട് ഷട്ടറുകള്‍ രണ്ടു അടി വീതം തുറന്നതായി ജില്ലാ ദുരന്ത പ്രതിരോധ വിഭാഗം അറിയിച്ചു.Athirapilli Peringalkuth Dam opened
ഡാമിലെ നിലവിലെ ജലനിരപ്പ് 423.50 മീറ്റര്‍ ആണ്. 424 മീറ്ററാണ് പരമാവധി സംഭരണശേഷി. അധിക ജലം ഒഴുകിവരുന്നതിനാല്‍ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചാലക്കുടി പുഴയുടെ ഇരുകരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പൊതുജനങ്ങളും കുട്ടികളും പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതും ഫോട്ടോയെടുക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.
ചാലക്കുടി പുഴയില്‍ മത്സ്യബന്ധനത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണവും സുരക്ഷയും ഏര്‍പ്പെടുത്താന്‍ ചാലക്കുടി, വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
ഇടുക്കിയിലെ കല്ലാര്‍ക്കുട്ടി, പാബ്ല ഡാം എന്നിവ തുറക്കുന്നതിന് ഇടുക്കി ജില്ലാഭരണകൂടം അനുമതി നല്‍കി.
കനത്തമഴയില്‍ നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്നാണ് ഈ രണ്ടു ഡാമുകളും തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാന്‍ തീരുമാനിച്ചത്. മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ഇടുക്കി ജില്ലയില്‍ മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തില്‍ രാത്രി യാത്ര നിരോധിച്ചു. രാത്രി ഏഴുമണി മുതല്‍ രാവിലെ ആറുമണി വരെയാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും ശക്തമായ മഴ, കാറ്റ് കോടമഞ്ഞ്, മണ്ണിടിച്ചില്‍ എന്നിവ ഉള്ളതിനാലുമാണ് രാത്രി യാത്രാനിരോധനം.
ഇടുക്കിയില്‍ ചപ്പാത്ത് -കട്ടപ്പന റോഡില്‍ ആലടി ഭാഗത്ത് പഴയ കല്‍കെട്ട് ഇടിഞ്ഞുപോയതിനാല്‍ റോഡ് അപകടാവസ്ഥയിലാണ്. അതിനാല്‍ ചപ്പാത്ത് -കട്ടപ്പന റൂട്ടില്‍ ആലടി മുതല്‍ പരപ്പ് വരെ ഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചതായും ജില്ലാ ഭരണകൂടം അറിയിച്ചു.
ഏലപ്പാറ, വാഗമണ്‍, പാല ,കോട്ടയം ഭാഗത്തേക്ക് യാത്ര ചെയുന്ന വാഹനങ്ങള്‍ പരപ്പില്‍ നിന്നും വലത്തേക്ക് തിരിഞ്ഞു ഉപ്പുതറ,ചീന്തലാര്‍ വഴിയും കുട്ടിക്കാനം , ഏലപ്പാറ ,ചപ്പാത്ത് വഴി കട്ടപ്പനയിലേക്ക് യാത്ര ചെയ്യുന്ന വാഹനങ്ങള്‍ ആലടിയില്‍ നിന്ന് വലത്തേക്ക് തിരിഞ്ഞു മേരികുളത്തേക്കും പോകേണ്ടതാണെന്നും അറിയിപ്പില്‍ പറയുന്നു.