60 അടി വ്യാസം, 1500 കിലോയോളം പൂക്കൾ; തെക്കേ ഗോപുരനടയിൽ ഭീമൻ അത്തപ്പൂക്കളം ഒരുങ്ങി
തൃശ്ശൂർ: പൊന്നോണ നാളിന്റെ വരവറിയിച്ച് കൊണ്ട് അത്തം പിറന്നതോടെ മലയാളികൾ ഓണത്തിരക്കുകളിലേക്ക് മുഴുകിയിരിക്കുകയാണ്. നാടെങ്ങും വിപുലമായ പരിപാടികളാണ് അത്തത്തോടനുബന്ധിച്ച് നടക്കുന്നത്. പതിവ് തെറ്റിക്കാതെ ഇക്കുറിയും കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരിൽ ഭീമൻ പൂക്കളമൊരുങ്ങി.
വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുര നടയിലാണ് ഭീമൻ അത്തപ്പൂക്കളമൊരുക്കിയത്. ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് മേയർ എംകെ വർഗീസ് കൊടിയുയർത്തി. സായാഹ്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് അത്തപ്പൂക്കളം തയ്യാറാക്കിയത്.
ഇന്ന് പുലർച്ചെ 3 മണിക്കാണ് അത്തപ്പൂക്കളമിടൽ ആരംഭിച്ചത്. 60 അടി വ്യാസത്തിൽ നിർമിച്ചിരിക്കുന്ന ഭീമൻ പൂക്കളത്തിൽ 1500 കിലോയോളം പൂക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. കൊടിയേറ്റിന് ശേഷം ഭിന്നശേഷിക്കാരുടെ മേളവും അരങ്ങേറി.
അതേസമയം തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ തിരുവോണ ഉത്സവം ഇന്ന് ആരംഭിക്കും. ഉത്സവദിവസങ്ങളിൽ വിവിധ കലാപരിപാടികൾ നടക്കും.
ഉത്സവാഘോഷങ്ങൾ ഇന്ന് വൈകീട്ട് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വെച്ചൂർ രമാദേവിക്ക് തൃക്കാക്കരയപ്പൻ പുരസ്കാരവും കലാമണ്ഡലം ശ്രീകുമാറിന് തെക്കുംതേവർ പുരസ്കാരവും സമ്മാനിക്കും.
Summary: Athapookkalam was arranged at the Vadakkumnathan Temple, Thrissur. Mayor M.K. Varghese hoisted the flag marking the beginning of Onam festivities, organized by the Sayahna Souhruda Koottayma.