ന്യൂഡൽഹി: ബഹിരാകാശ യാത്രിക സുനിത വില്യംസിന് ഭാരത രത്ന നൽകണമെന്ന ആവശ്യവുമായി തൃണമൂൽ കോൺഗ്രസ്.
പരമോന്നത ബഹുമതി നൽകി ആദരിക്കുന്നതിലൂടെ സുനിതയുടെ ബഹിരാകാശത്ത് നിന്നുള്ള തിരിച്ചുവരവിന്‍റെ ആഘോഷം രാജ്യത്ത് പൂർത്തിയാകുമെന്നും തൃണമൂല്‍ എംപി നദീമുൾ ഹഖ് പറഞ്ഞു.
2007ൽ സുനിത വില്യംസ് നാട്ടിൽ വന്നപ്പോൾ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആദരിക്കാൻ തയാറായില്ലെന്നും നദീമുൾ ഹഖ് കുറ്റപ്പെടുത്തി.
സുനിതയുടെ അടുത്ത ബന്ധുവും രാഷ്ട്രീയ നേതാവും ആയ ഹരേൻ പാണ്ഡ്യ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പിന്നാലെ ഭരണപക്ഷം സഭയിൽ ബഹളംവച്ചിരുന്നു. ഇതോടെ അനാവശ്യ കാര്യങ്ങൾ സഭയിൽ ഉന്നയിക്കുന്നുവെന്നും പ്രസംഗത്തിലെ പരാമർശം രേഖകളിൽ നിന്ന് നീക്കണമെന്നും ധനമന്ത്രി നിർമല സീതാരാമൻ ആവശ്യപ്പെട്ടു.
അതേസമയം കഴിഞ്ഞ മാർച്ച് 19നാണ് എട്ട് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടന്ന സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങിയെത്തിയത്.
ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ 2024 ജൂണ്‍ അഞ്ചിനാണ് വെറും 8 ദിവസത്തെ ദൗത്യത്തിനായി നാസയുടെ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര പോയത്. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ സാങ്കേതിക തകരാര്‍ കാരണം മടക്കയാത്ര പലകുറി മാറ്റിവെച്ചിരുന്നു.