എംവിഡി ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
കൊച്ചി: മദ്യപിച്ച് വാഹന പരിശോധന നടത്തിയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു. എറണാകുളം ആർടി ഓഫീസിലെ എം എസ് ബിനുവിനെതിരെയാണ് നടപടിയെടുത്തത്.
മദ്യപിച്ച് വാഹനമോടിച്ചതിന് ഇയാൾക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. തൃക്കാക്കര തോപ്പിൽ ജങ്ഷനിൽ ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം.
ഈ സമയത്ത് തൃക്കാക്കരയിൽ മത്സ്യവിൽപ്പന നടത്തുകയായിരുന്ന കുടുംബത്തിൽ നിന്ന് പിഴ ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഉദ്യോഗസ്ഥൻ മദ്യപിച്ചിട്ടുള്ള കാര്യം തിരിച്ചറിഞ്ഞ് പോലീസിൽ ഏല്പിച്ചത്.
മത്സ്യവിൽപ്പന നടത്തുന്നതിന് തൊട്ടടുത്ത് തന്നെയായി ഒരു ഓട്ടോറിക്ഷ കിടക്കുന്നുണ്ടായിരുന്നു. ഇത് ആരുടെ ഓട്ടോ ആണെന്ന് ചോദിച്ചപ്പോൾ തന്റെ ഭർത്താവിന്റേതാണെന്ന് യുവതി മറുപടി നൽകി. ഇതോടെ, ഓട്ടോയുമായി ബന്ധപ്പെട്ട് ഒരു പരാതിയുണ്ടെന്ന് ഇയാൾ പറഞ്ഞു.
യാത്രക്കാരെ കയറ്റേണ്ട വാഹനത്തിൽ ഗുഡ്സ് കയറ്റി എന്നാണ് പരാതിയെന്നും 3000 രൂപ പിഴയടക്കണമെന്നും ആണ് ബിനു ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ നാട്ടുകാർ ഇടപ്പെട്ടു. ഇതോടെയാണ് ഇയാൾ മദ്യപിച്ചിട്ടുണ്ട് എന്ന് മനസിലാകുന്നത്. ഈ സമയം ഇയാൾ യൂണിഫോമിലും ആയിരുന്നില്ല.
തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് ഉദ്യോഗസ്ഥൻ മദ്യപിച്ചിട്ടുണ്ടെന്നുള്ള കാര്യം വ്യക്തമായത്.
സംഭവത്തിൽ മോശമായി സംസാരിച്ചതടക്കം ചൂണ്ടിക്കാണിച്ച് മത്സ്യവിൽപ്പന നടത്തിയിരുന്ന കുടുംബം തൃക്കാക്കര പൊലീസിൽ പരാതി നൽകി.
അതേസമയം ഉദ്യോഗസ്ഥൻ ഔദ്യോഗിക ഡ്യൂട്ടിയിലായിരുന്നോ എന്നുള്ളതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.
കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി
കൊല്ലം: അഞ്ചാലുംമൂട് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. കായികാധ്യാപകൻ മുഹമ്മദ് റാഫിക്കെതിരെയാണ് നടപടി.
ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറാണ് റാഫിക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിൽ അധ്യാപകനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
അധ്യാപകനെതിരെ അഞ്ചാലുംമൂട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബിഎൻഎസ് 114, ജുവനൈൽ ജസ്റ്റിസ് ആക്ടിന്റെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തിയിട്ടുള്ളത്.
അതേസമയം സംഭവത്തിൽ ശിശുക്ഷേമ സമിതിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മർദനമേറ്റ വിദ്യാർത്ഥിയും സസ്പെൻഷനിലാണ്.
കഴിഞ്ഞ ദിവസമാണ് അധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മില്‍ ഏറ്റുമുട്ടിയത്. അധ്യാപകൻ വിദ്യാര്‍ത്ഥിയുടെ മൂക്കിടിച്ച് തകര്‍ക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കും പരിക്കേറ്റിരുന്നു.
ഗുരുതര പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിൽ അധ്യാപകനും പരിക്കേറ്റിരുന്നു. വിദ്യാര്‍ത്ഥി മറ്റൊരു പെണ്‍കുട്ടിയെ തെറി വിളിച്ചത് ചോദ്യം ചെയ്തതാണ് സംഘട്ടനത്തിന് കാരണമായതെന്നാണ് പ്രിന്‍സിപ്പാള്‍ പറയുന്നത്.
വീട്ടമ്മയുടെ കൈ ഒടിഞ്ഞു; പൊലീസുകാരൻ റിമാൻഡിൽ
കോന്നി: വീട്ടമ്മയെ ആക്രമിച്ച് കൈ പൊട്ടിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനുൾപ്പെടെയുള്ള സംഘം റിമാൻഡിൽ.
കൊട്ടാരക്കര നെടുവത്തൂർ ചണ്ണയ്ക്കാപാറ പുത്തൻപുര താഴേതിൽ അഖിൽരാജ് (30), സഹോദരൻ എം.ആർ. അഭിലാഷ് (32), വട്ടക്കാവ് ലക്ഷംവീട് മനു മോഹൻ (20),പത്തനംതിട്ട മാത്തൂർ മലമുകളിൽ സെറ്റിൽമെന്റ് കോളനി കാഞ്ഞിരം നിൽക്കുന്നതിൽ പി.കെ. ദിപിൻ അഥവാ സച്ചു (23) എന്നിവരാണ് റിമാൻഡ് ചെയ്യപ്പെട്ടത്.
ഇവരിൽ അഖിൽരാജ് തിരുവനന്തപുരം എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥനാണ്. സംഭവസമയത്ത് സംഘം മദ്യലഹരിയിലായിരുന്നുവെന്നതാണ് നാട്ടുകാരുടെ ആരോപണം.
കരിയാട്ടം ടൂറിസം എക്സ്പോയുടെ സമാപനത്തോടനുബന്ധിച്ചു നടന്ന റാപ്പർ വേടന്റെ സംഗീത പരിപാടി കാണാനെത്തിയതിനുശേഷമാണ് ഇവർ മാങ്കുളത്തുവെച്ച് തർക്കത്തിനിറങ്ങിയത്.
Summary: Assistant Motor Vehicle Inspector M.S. Binu from Ernakulam RTO has been suspended after being caught conducting vehicle checks under the influence of alcohol.