ഭാര്യയെ വീഡിയോ കോൾ വിളിച്ച ശേഷം അസം സ്വദേശി തൂങ്ങി മരിച്ചു; കാരണം വ്യക്തമല്ല
കൊച്ചി: സുഹൃത്തുക്കളുടെ മുറിയിൽ നിന്ന് ഭാര്യയെ വീഡിയോ കോൾ വിളിച്ച ശേഷം അതിഥി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അസം രത്തൻപുർ ഗോലി ഹട്ട് ജില്ലയിലെ കൃഷ്ണ കൊർവ (40) ആണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. സംഭവം നടക്കുമ്പോൾ സുഹൃത്തുക്കൾ ആരും മുറിയിൽ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു.
ഭാര്യയെ കാണാൻ അരൂരിലെത്തി
കൃഷ്ണ കൊർവ പാലക്കാട് ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ ഫുൽജൻസിയ കൊർവ അരൂർ വ്യവസായ മേഖലയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയും കമ്പനി ഗസ്റ്റ് ഹൗസിൽ താമസിക്കുകയും ചെയ്യുന്നു.
ഭാര്യയെ കാണാനായി ശനിയാഴ്ച രാവിലെ പാലക്കാട് നിന്ന് അരൂരിലെത്തുകയായിരുന്നു.
വീഡിയോ കോളിനിടെ ആത്മഹത്യാ ശ്രമം
ശേഷം കൃഷ്ണ കൊർവ കേരകല്പ റോഡിലുള്ള സുഹൃത്തുക്കളുടെ മുറിയിൽ എത്തി. അവിടെ നിന്ന് ഭാര്യയെ വീഡിയോ കോൾ വിളിച്ചപ്പോഴാണ് തൂങ്ങി മരിക്കാൻ ശ്രമിക്കുന്ന ദൃശ്യം ഭാര്യ കാണുന്നത്. ഉടൻ വിവരം അറിയിച്ചതോടെ നാട്ടുകാർ എത്തി രക്ഷിക്കാൻ ശ്രമിച്ചു.
ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
തുടർന്ന് അരൂർ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. അരൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
English Summary:
An Assam native migrant worker, Krishna Korwa (40), died by suicide in Aroor, Kochi. He had come from Palakkad to visit his wife, who works in an industrial unit in Aroor. While staying in a friend’s room, he allegedly attempted suicide during a video call with his wife. He was rushed to a hospital but could not be saved. Police have launched an investigation.









