ഗുവാഹത്തി: അസമിൽ പതിനാലുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ തെളിവെടുപ്പിനിടെ പ്രതികളിലൊരാൾ കുളത്തിൽ ചാടി ആത്മഹത്യ ചെയ്തു. കേസിലെ മുഖ്യപ്രതി തഫസുൽ ഇസ്ലാം എന്നയാളാണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് കുളത്തിൽ ചാടി ആത്മഹത്യ ചെയ്തത്. പുലർച്ചെ 3.30ഓടെയാണ് സംഭവം.(Assam gang rape case; One of the accused committed suicide)
പ്രതികളെ സംഭവസ്ഥത്ത് എത്തിച്ച് കുറ്റകൃത്യം പുനഃസൃഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവമെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ കയ്യിൽ വിലങ്ങ് വെച്ചിരുന്നുവെന്നും രണ്ട് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കുളത്തിൽ നിന്ന് മൃതദേഹം കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും മറ്റൊരാളെ തടവിൽ വെക്കുകയും ചെയ്തിരുന്നു. മൂന്നാമനായി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മുഖ്യപ്രതി ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അസമിലെ നാഗോണിൽ പതിനാല് വയസുകാരിയെ മൂന്നംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പിന്നാലെ പെൺകുട്ടിയെ പരിക്കുകളോടെ പ്രദേശത്തെ കുളത്തിന് സമീപമുള്ള റോഡിൽ ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ രാത്രി എട്ട് മണിയോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അതിക്രമം നടന്നത്.