ജനീവ: ആഗോള ആയുർദൈർഘ്യം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് മഹാമാരിക്ക് ശേഷം നിലവിലെ ശരാശരി ആയുർദൈർഘ്യം 71.4 വയസായി കുറഞ്ഞെന്നാണ് റിപ്പോർട്ട്.
2019 നും 2021 നും ഇടയിൽ മനുഷ്യന്റെ ആയുസിൽ 1.8 വർഷത്തെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സമാനമായി ആരോഗ്യത്തോടെയുള്ള ജീവിതകാലയളവ് 1.5 വർഷം കുറഞ്ഞ് 61.9 വർഷമായെന്നും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കയേയും തെക്കുകിഴക്കൻ ഏഷ്യയേയുമാണ് ഇത് കൂടുതൽ ബാധിച്ചത്. ഇരു ഭൂഖണ്ഡങ്ങളിലേയും ആയുർദൈർഘ്യം ഏകദേശം 3 വർഷം കുറഞ്ഞിട്ടുണ്ട്
ഒരു ദശാബ്ദകാലം കൊണ്ട് ആരോഗ്യരംഗത്തുണ്ടാക്കിയ നേട്ടങ്ങൾ കോവിഡ് -19 മഹാമാരി തകർത്തെന്ന്, ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. കോവിഡ് മൂലം 1.3 കോടിയിലധികം ജീവനുകൾ നഷ്ടപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.