പെരുമ്പാവൂർ: പ്രതിഷേധം രൂക്ഷമായതോടെ മൂവാറ്റുപുഴ- പെരുമ്പാവൂർ എംസി റോഡിലെ പുല്ലുവഴി ഡബിൾ പാലം പൊളിക്കുന്നത് നീട്ടിവെച്ചു. ശബരിമല മണ്ഡല കാലം കഴിയുന്നതുവരെ പാലം പൊളിക്കൽ നീട്ടി വച്ചതായി എൽദോസ് കുന്നപ്പള്ളി എംഎൽഎ അറിയിച്ചു.
സാധാരണയിലേക്കാൾ കൂടുതൽ വാഹനങ്ങളാണ് മണ്ഡലകാലത്ത് ഈ റൂട്ടിലൂടെ കടന്നുപോകുന്നത്. പാലം പൊളിച്ചു പണിയുന്ന സാഹചര്യത്തിൽ വാഹനങ്ങൾ മാറ്റി തിരിച്ചുവിടാനുള്ള ഗതാഗത ക്രമീകരണം നാളെ മുതൽ ആരംഭിക്കാൻ ജില്ലാ ഭരണകൂടത്തിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു.
ഇതേ തുടർന്ന് നാട്ടുകാരുടെ ഭാഗത്തു നിന്നും എതിർപ്പുകൾ ഉയർന്നതിനെ തുടർന്നാണ് പാലം പൊളിക്കൽ മാറ്റിയത്. ജനുവരി 20 മുതൽ ഗതാഗത ക്രമീകരണം നടത്തിയാൽ മതിയെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി .