കട്ടപ്പന: മൂന്നാറിൽ സർക്കാർ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി വീണ്ടും വഴിയോരക്കടകൾ തലപൊക്കുമ്പോൾ സാധാരണ വ്യാപാരികൾക്ക് പറയാനുള്ളത് നഷ്ടക്കണക്കുകൾ മാത്രം.
വാടകയോ , വൈദ്യുതി ബില്ലോ തദ്ദേശ വകുപ്പുകൾക്കോ മറ്റ് സർക്കാർ സംവിധാനങ്ങൾക്കൊ പണം നൽകേണ്ടാത്ത വഴിയോരക്കടകൾ നിയമപരമായി പ്രവർത്തിക്കുന്ന വ്യാപാരികൾക്കും പ്രദേശത്ത് എത്തുന്ന സഞ്ചാരികൾക്കും ഭീഷണിയാണ്.
മാസങ്ങൾക്ക് മുൻപ് കടകൾ ജില്ലാ ഭരണകൂടം ഇടപെട്ട് പൊളിച്ചു നീക്കിയെങ്കിലും രാഷ്ട്രീയ ഇടപെടലിൽ ഇവ നിന്നു. പൊളിച്ചു നീക്കിയവ ദിവസങ്ങൾക്കുള്ളിൽ തിരിച്ചും വന്നു.
ഇപ്പോൾ പള്ളിവാസൽ പഞ്ചായത്തിൽ റവന്യൂ അധികൃതർ പൊളിച്ച്‌നീക്കിയ വഴിയോരക്കടകളും തിരിച്ചെത്തുകയാണ്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ രണ്ടാംമൈൽ ജങ്ഷനിലാണ് വീണ്ടും അനധികൃത കടകൾ സ്ഥാപിക്കുന്നത്.
നിരവധി വിനോദസഞ്ചാരികളെത്തുന്ന സൺസെറ്റ് വ്യൂ പോയിന്റ് എന്നറിയപ്പെടുന്ന ഭാഗത്താണ് ഇപ്പോൾ കടകൾ സ്ഥാപിക്കുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്തെ വഴിയോരക്കടകൾ നേരത്തെ പൊളിച്ചു നീക്കിയിരുന്നു.
ഗതാഗതക്കുരുക്കും വിനോദസഞ്ചാരികൾക്ക് നേരെയുള്ള ആക്രമണവും പതിവായതോടെയാണ് റോഡിന്റെ ഇരുവശങ്ങളിലുമായി സ്ഥാപിച്ചിരുന്ന കടകൾ നീക്കിയത്.
വഴിയോരക്കടകൾക്കെതിരെ മേഖലയിലെ വ്യാപാര സംഘടനകൾ വൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പിന്നീട് പലതവണ കടകൾ പുനസ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും മൂന്നാർ പോലീസ് ഇടപെട്ട് തടഞ്ഞിരുന്നു .
ഒരിടവേളക്കുശേഷം വീണ്ടും പ്രദേശത്ത് അനധികൃത കടകൾ സ്ഥാപിക്കാൻ തുടങ്ങിയിരിക്കുകയാണ്. ചെറിയ രീതിയിൽ സ്ഥാപിക്കുന്ന കടകൾ പിന്നീട് പാതയോരം പൂർണമായി കയ്യടക്കുകയാണ് പതിവ്.
കടകൾ പെരുകുന്നതോടെ പ്രദേശത്തെത്തുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ നിർത്തിയിടാൻ സ്ഥലമില്ലാതാകും. പാർക്കിങ്ങിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് പലപ്പോഴും സഞ്ചാരികൾ ഇവിടെ ആക്രമണത്തിന് ഇരയായിട്ടുള്ളത്.
കടകൾ സ്ഥാപിക്കുന്നത് പലപ്പോഴും രാഷ്ട്രീയ ഗുണ്ടാ സ്വാധീനമുള്ള സംഘങ്ങളാണ്. പൊതു നിര്തിൽ സ്ഥാപിക്കുന്ന കടകൾ ഇവർ പുറത്തു നിന്നുള്ള വ്യാപാരികൾക്ക് വാടകയ്ക്ക് നൽകും.
ചിലപ്പോൾ ഇവ ലീസിനും നൽകും. ലാനും അഞ്ചും ലക്ഷങ്ങളാണ് ഒരു പടുതാ വലിച്ചു കെട്ടി തിരക്കുള്ള സ്ഥലങ്ങളിൽ നിന്നും ലീസായി ഈടാക്കുന്നത്. ഇങ്ങനെ കോടികളുടെ വ്യാപാരമാണ് മൂന്നാറിലും പരിസര പ്രദേശങ്ങളിലും നടക്കുന്നത്.