പെരിഞ്ചോളത്ത് വവ്വാൽ ചത്തു വീണു
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ രോഗ ബാധ പടരുന്നതിനിടെ മണ്ണാർക്കാട് പെരിഞ്ചോളത്ത് വവ്വാൽ ചത്തത് പ്രദേശവാസികളിൽ ആശങ്ക പരത്തി.
രോഗം മൂലമാണോ വവ്വാൽ ചത്തതെന്നാണ് നിവാസികൾ ആശങ്കപ്പെടുന്നത്. നഗരസഭാ കൗൺസിലർമാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും
സ്ഥലത്തെത്തി സാമ്പിൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. എന്നാൽ ഇത്തരം സംഭവങ്ങൾ ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്നാണ് ഇവർ പറയുന്നത്.
അതേ സമയം, കനത്ത നിപ ജാഗ്രതയിലാണ് കേരളം. പാലക്കാടും മലപ്പുറത്തും നിപ രോഗം സ്ഥിരീകരിച്ചതോടെ ജാഗ്രതാ നടപടികൾ കർശനമാക്കിയിട്ടുണ്ട്.
ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ ഉന്നതതല യോഗം ചേർന്നിരുന്നു.
കണ്ടെയ്മെന്റ് സോണുകളിൽ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത വേണമെന്നാണ് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.
എന്നാൽ രണ്ട് കേസുകളും തമ്മിൽ ബന്ധമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം.
രണ്ട് രോഗികളെയും ഇൻഡകസ് രോഗികളായി കണക്കാക്കിയാകും പ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നത്. മലപ്പുറത്ത് മരിച്ച 18കാരിക്ക് നിപയാണെന്ന് സ്ഥിരീകരിച്ചത് ഇന്നലെ രാത്രിയാണ്.
മൂന്ന് ജില്ലകളിലായി 345 പേരുള്ള സമ്പർക്കപ്പട്ടിക ഇന്നലെ പുറത്തിറക്കിയത്. ഇന്ന് വൈകീട്ട് വീണ്ടും ഉന്നതതലയോഗം ചേരും. ഇതിന് ശേഷം വിപുലമായ സമ്പർക്കപ്പട്ടിക പുറത്തിറക്കും.
അതേസമയം നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണ്. ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്നലെ യുവതിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടിരുന്നു.
രോഗലക്ഷണങ്ങൾ കണ്ടതിന് പിന്നാലെ യുവതി പൊതുഗതാഗതം ഉപയോഗിച്ചിട്ടില്ല എന്നതാണ് പുറത്തുവരുന്ന വിവരം.
ജൂൺ 25നായിരുന്നു നിപ രോഗലക്ഷണങ്ങളെ തുടർന്ന് 38കാരിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യസ്ഥിതി മോശമായതോടെ യുവതിയെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. തുടർന്ന് യുവതിയുടെ സ്രവം നിപ പരിശോധനയ്ക്കയച്ചു. പ്രാഥമിക പരിശോധനയിൽ യുവതിക്ക് നിപ സ്ഥിരീകരിച്ചു.
ഇതോടെ യുവതിയുമായി അടുത്ത് സമ്പർക്കം പുലർത്തിയവരോട് ക്വാറന്റൈനിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് വകുപ്പ് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയുടെ ഫലം ഇന്നലെയായിരുന്നു പുറത്തുവന്നത്. ഇതും പോസിറ്റീവായിരുന്നു.
യുവതിയുടെ സമ്പർക്കപ്പട്ടികയിൽ 91 പേരുണ്ടെന്നാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.
സംസ്ഥാനത്ത് വീണ്ടും നിപ ജാഗ്രത
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ആരോഗ്യവകുപ്പ്. മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി.
മക്കരപറമ്പ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമപഞ്ചായത്തുകളിലെ വാർഡുകളാണ് കണ്ടെയ്ൻമെന്റ് സോണുകളാക്കിയത്. കോഴിക്കോട് ജില്ലയിൽ പ്രത്യേക കൺട്രോൾ റൂം ആരംഭിക്കുകയും ചെയ്തു.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സ്ഥലങ്ങളിൽ പൊതുജനങ്ങൾ പരമാവധി കൂട്ടം കൂടി നിൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി.
പൊതു ജനങ്ങൾ മാസ്ക് ധരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
മക്കരപറമ്പ് – ഒന്ന് മുതൽ 13 വരെ വാർഡുകൾ, കൂടിലങ്ങാടി-11, 15 വാർഡുകൾ, മങ്കട – 14-ാം വാർഡ്, കുറുവ – 2, 3, 5, 6 വാർഡുകൾ എന്നിവിടങ്ങളാണ്
കണ്ടെയ്ൻമെന്റ് സോണുകളാക്കിയിരിക്കുന്നത്. ഇവിടങ്ങളിൽ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കോഴിക്കോട് ആശുപത്രിയിൽ മരിച്ച മലപ്പുറം മങ്കട സ്വദേശിനിയായ പെൺകുട്ടിക്കാണ് നിപ സ്ഥിരീകരിച്ചത്.
പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ച മരിച്ച 18കാരിയുടെ സാമ്പിൾ പൊസിറ്റീവാണ്.
പ്രാഥമിക പരിശോധന ഫലം പൊസിറ്റീവായതോടെയാണ് സാമ്പിൾ പൂനെയിലേക്ക് അയച്ചത്. ഫലം പൊസറ്റീവായതോടെ യുവതിയെ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ ഉൾപ്പെടെ മൂന്ന് ജീവനക്കാർ വീട്ടിൽ നിരീക്ഷണത്തിലാണ്.
കഴിഞ്ഞമാസം 28നാണ് അതീവഗുരുതരാവസ്ഥയിൽ 18കാരിയെ കോഴിക്കോട്ടെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഒന്നാം തീയതിയാണ് യുവതി മരിച്ചത്.
അതിനിടെ പാലക്കാട് നാട്ടുകൽ സ്വദേശിനിക്കും നിപ സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളെ അടക്കം ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. ഇവരുടെ വീടിന്റെ പരിസരത്ത് വവ്വാലുകളുടെ ശല്യം ഉണ്ടെന്നു നാട്ടുകാർ പറയുന്നു.
വീണ്ടും നിപ സ്ഥിരീകരിച്ചതോടെ മൂന്ന് ജില്ലകളിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. സംസ്ഥാനത്ത് സമ്പർക്ക പട്ടികയിൽ 345 പേർ ഉള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
എന്താണ് നിപ
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ് സ്ഥിരീകരിച്ചത്. പൊതുവേ മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്.
വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യത കൂടുതലാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും നിപ പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കിൽ രോഗം പകരാം.
വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയാണ് പ്രധാനമായും രോഗം പകരുന്നത്.
രോഗ ലക്ഷണങ്ങൾ
നിപ അണുബാധയുണ്ടായാൽ അഞ്ച് മുതൽ 14 ദിവസം കഴിയുമ്പോഴാണ് രോഗ ലക്ഷണങ്ങൾ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ.
മനംപിരട്ടൽ, ഛർദി, ക്ഷീണം, ചുമ, വയറുവേദന, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങൾക്കകം തന്നെ ബോധക്ഷയം വന്ന് രോഗി കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്.
തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും സാധ്യതകൾ ഏറെയാണ്.
രക്തം, മൂത്രം, തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള സ്രവം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനൽ ഫ്‌ളൂയിഡ് എന്നിവയിൽ നിന്നും ആർ.ടി.പി.സി.ആർ. (റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ) ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കും.
അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാൻ സാധിക്കും.
മരണപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ കലകളിൽ നിന്നെടുക്കുന്ന സാമ്പിളുകളിൽ ഇമ്യൂണോ ഹിസ്‌റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരികരിക്കാൻ സാധിക്കാറുണ്ട്.
English Summary:
As Nipah virus concerns resurface in the state, the death of a bat in Perinchola, Mannarkkad, has raised alarm among residents. Locals are worried whether the bat died due to the virus. Municipal councilors and health officials visited the site and have sent samples for testing. Officials noted that such incidents had not been reported in the area before.