മധ്യപ്രദേശ് : പിറന്നാൾ ആഘോഷത്തിന് ലഭിച്ച ചോക്ലേറ്റില്‍ നിന്ന് അധ്യാപികയ്ക്ക് കൃത്രിമ പല്ലുകൾ ലഭിച്ചെന്ന് പരാതി. ചോക്ലേറ്റ് കഴിക്കുന്നതിനിടെ എന്തോ ഒന്ന് വായിൽ തടഞ്ഞുവെന്നും വായിൽ നിന്ന് എടുത്ത് നോക്കിയപ്പോൾ കൃത്രിമ പല്ലുകളായിരുന്നുവെന്നും മധ്യപ്രദേശിലെ ഖാർഗോണിൽ നിന്നുള്ള അധ്യാപിക മായാദേവി ഗുപ്ത പറഞ്ഞു.Artificial teeth on the chocolate
തന്റെ വിദ്യാർഥികളിലൊരാളുടെ പിറന്നാൾ ആഘോഷത്തിന് പോയപ്പോൾ ലഭിച്ച ചോക്ലേറ്റ് കുറച്ച് ദിവസങ്ങൾക്കു ശേഷമാണ് മായാദേവി കഴിച്ചത്.
കാപ്പി ഫ്ലേവറിലുളള ചോക്ലേറ്റ് ആസ്വദിച്ച് കഴിക്കുന്നതിനിടെ എന്തോ വായിൽ തടയുകയും കടിച്ചമർത്താൻ നോക്കിയപ്പോൾ കട്ടിയുള്ള വസ്തുവാണെന്ന് മനസിലാകുകയും ചെയ്തുവെന്നാണ് അധ്യാപിക പറയുന്നത്.
പിന്നീട് വായിൽ നിന്ന് പുറത്തെടുത്ത് നോക്കിയപ്പോഴാണ് നാല് കൃത്രിമ പല്ലുകള്‍ കണ്ടതെന്നും അവർ പറഞ്ഞു.ഖാർഗോണിലെ ഒരു എൻ ജി ഒയിൽ ജോലി ചെയ്യുന്ന അധ്യാപികയാണ് മായാദേവി.
കുട്ടികൾക്കായി എൻ ജി ഒ സംഘടിപ്പിച്ച ജന്മദിന പാർട്ടിയിൽ സാമൂഹിക പ്രവർത്തകരുൾപ്പെടെ നിരവധിപേർ പങ്കെടുത്തിരുന്നു. എന്നാൽ ഇവർക്ക് മാത്രമാണ് ഇങ്ങനെയൊരു ദുരനുഭവമുണ്ടായത്.
സംഭത്തിന് ശേഷം ഖാർഗോണിലെ ജില്ലാ ഭക്ഷ്യ വകുപ്പിന് ഗുപ്ത പരാതി നൽകുകയും ചെയ്തു. പിന്നാലെ ചോക്ലേറ്റ് വാങ്ങിയ കടയിൽ നിന്ന് ഉദ്യോഗസ്ഥർ ചോക്ലേറ്റ് സാമ്പിളുകൾ ശേഖരിച്ചതായും ഇത് വിദഗ്ധ പരിശോധനക്കായി ലബോറട്ടറിയിലേക്ക് അയയ്ക്കുമെന്നും ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനിലെ ഉദ്യോഗസ്ഥനായ എച്ച്എൽ അവാസിയ പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ഇപ്പോൾ സ്ഥിരമാണ്. നേരത്തെ ഓണ്‍ലൈനായി ഓർഡർ ചെയ്ത ഹെർഷിയുടെ ചോക്ലേറ്റ് സിറപ്പിൽ ചത്ത എലിയെ കണ്ടെത്തിയതായി ഒരു കുടുംബം പരാതിപ്പെട്ടിരുന്നു.
എന്നാൽ ഇത് കമ്പനി അംഗീകരിക്കാൻ തയാറായില്ല. ഓരോ ഉൽപ്പന്നങ്ങളും ഒന്നിലധികം ഗുണനിലവാര പരിശോധനകൾക്ക് വിധേയമാക്കുമെന്നും ഇത്തരം സംഭവങ്ങൾ സാധ്യമല്ലെന്നുമായിരുന്നു കമ്പനിയുടെ വിശദീകരണം. ഓണ്‍ലൈനായി വാങ്ങിയ ഐസ്ക്രീമില്‍ നിന്ന് മനുഷ്യന്റെ വിരല്‍ ലഭിച്ചതും ആഴ്ചകള്‍ക്ക് മുമ്പാണ്.