തൊടുപുഴ: ഇടുക്കിയില്‍ 95 വയസുള്ള മുത്തശിയെ ശ്വാസംമുട്ടിച്ച ശേഷം സ്വര്‍ണ്ണ മാല കവര്‍ന്ന കൊച്ചുമകന്‍ പിടിയിൽ.
അടിമാലിക്കു സമീപം മച്ചിപ്ലാവ് പുളിക്കല്‍ മേരിയുടെ ആഭരണമാണ് കൊച്ചുമകൻ കവര്‍ന്നത്.
മേരിയുടെ മകന്റെ മകനായ അഭിലാഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടിമാലി മച്ചിപ്ലാവ് പുളിക്കല്‍ മേരി, മകനും ഭാര്യക്കുമൊപ്പമാണ് താമസിച്ചിരുന്നത്.
ഇവര്‍ പള്ളിയില്‍ പോയ തക്കത്തിനാണ് മോഷണം നടന്നത്. കട്ടിലില്‍ കിടക്കുകയായിരുന്ന മേരിയുടെ മുഖത്ത് കൊച്ചുമകനായ അഭിലാഷ് തലയിണ അമര്‍ത്തി പിടിച്ച ശേഷം കഴുത്തില്‍ കിടന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വര്‍ണമാല ബലമായി കവര്‍ന്നെടുക്കുകയായിരുന്നു.
പള്ളിയില്‍ നിന്നും മകനും ഭാര്യയും തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ആദ്യഘട്ടത്തില്‍ ഇയാൾ കുറ്റം സമ്മതിച്ചില്ല. പിന്നീട് ടൗണിലെ നിരീക്ഷണ കാമറയില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തതോടെ ഇയാള്‍ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു.
അഭിലാഷ് മുമ്പും സമാന കേസുകളില്‍ പെട്ടിട്ടുണ്ടെന്നും ദിവസങ്ങള്‍ക്ക് മുമ്പാണ് പീരുമേട് ജയിലില്‍ നിന്നും മോചിതനായതെന്നും പൊലീസ് വ്യക്തമാക്കി.
മോഷ്ടിച്ച മാല നെടുംകണ്ടത്ത് വിറ്റതായി മൊഴി നല്‍കിയെങ്കിലും അത് കണ്ടെത്താനായിട്ടില്ല. മേരിക്ക് കഴുത്തിലും നെഞ്ചിലും നേരിയ തോതില്‍ പരിക്കേറ്റിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു