നാസിക്: ദമ്പതികൾ തമ്മിലുള്ള തർക്കം കാര്യമായി, ഭാര്യയെ കോടാലിയും കുക്കറിന്റെ ലിഡും ഉപയോഗിച്ച് ക്രൂരമായി തലക്കടിച്ചു കൊലപ്പെടുത്തി ഭർത്താവ്. ഭർത്താവിന്റെ എതിർപ്പിന് വിരുദ്ധമായി തങ്ങളുടെ പെൺമക്കളിൽ ഒരാൾ വിവാഹം കഴിച്ചതിനെ തുടർന്നാണ് ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 3 പെൺമക്കളും ഒരു മകനുമാണ് ദമ്പതികൾക്ക് ഉണ്ടായിരുന്നത്. പരിക്കേറ്റ സവിത ശത്രുഗുൺ ഗോർ ഭർത്താവിനും മകനുമൊപ്പമാണ് വാടകയ്ക്ക് താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
മൂന്ന് പെൺമക്കളും വിവാഹിതരാണ്. ഇതിൽ ഒരു മകൾ വീട്ടുകാരുടെ എതിർപ്പിന് വിരുദ്ധമായി വിവാഹം കഴിച്ചതാണ് ഇവർക്കിടയിൽ തർക്കത്തിലേക്ക് വഴിവെച്ചതെന്ന് പൊലീസ് പറഞ്ഞു. മകൾ മുക്ത ലായിക്ക് വീട്ടിലെത്തിയപ്പോഴാണ് ക്രൂരമായ മർദനത്തിനു ശേഷം അമ്മ കട്ടിലിൽ രക്തത്തിൽ കുതിർന്ന നിലയിൽ കിടക്കുന്നത് കണ്ടത്.
ഗംഗാപൂർ പൊലീസ് സ്‌റ്റേഷനിൽ വിവരമറിയിച്ചപ്പോൾ സീനിയർ പൊലീസ് ഇൻസ്‌പെക്ടർ സുശീൽ ജുംഡെ, പൊലീസ് ഇൻസ്‌പെക്ടർ ജഗ്‌വേദ് സിംഗ് രജ്പുത് എന്നിവർ ചേർന്ന് അവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവിടെ വെച്ചാണ് സ്ത്രീ മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചത്. മകൾ മുക്തയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അച്ഛനെതിരെ ഗംഗാപൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതി ഇപ്പോഴും ഒളിവിൽ തുടരുകയാണ്. ഒളിവിൽപ്പോയ പ്രതിക്കായി പൊലീസ് തെരച്ചിൽ നടത്തി വരികയാണ്.